ബെംഗളൂരു: സാങ്കേതിക, ശാസ്ത്രരംഗത്തെ പുത്തന്‍ ആശയങ്ങള്‍ പരിചയപ്പെടുത്തി വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ മ്യൂസിയത്തില്‍ നടക്കുന്ന 'ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍' ശ്രദ്ധേയമാകുന്നു. ബെംഗളൂരുവിലും സമീപപ്രദേശങ്ങളിലും നിന്നായി അമ്പതോളം പ്രതിഭകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വിവിധ കമ്പനികളെ പ്രതിനിധീകരിക്കുന്നവര്‍ വരെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഊര്‍ജമേഖലയെയും പ്രകൃതി സംരക്ഷണത്തെയും ലക്ഷ്യം വെക്കുന്ന ഒട്ടേറെ ആശയങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ പങ്കുവയ്ക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ബ്രഷുകള്‍ക്കു പകരം ഉപയോഗിക്കാന്‍ മുളകൊണ്ടുള്ള ബ്രഷ് എന്ന ആശയമാണ് ബാംബൂ ഇന്ത്യ എന്ന കൂട്ടായ്മ അവതരിപ്പിച്ചത്. ഹരിതഗൃഹ വാതകങ്ങളില്‍ നിന്നും ഇന്ധനം നിര്‍മിക്കുന്ന രീതി വിശദീകരിക്കുന്ന മാതൃകയും ഏറെ ശ്രദ്ധേയമായി. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെട്ട കൂട്ടായ്മയാണ് ഈ ആശയത്തിനു പിന്നില്‍.

പാഴ്വസ്തുക്കളില്‍നിന്ന് മസാജുചെയ്യുന്ന തൊപ്പിയും സോളാറില്‍ പ്രവര്‍ത്തിക്കുന്ന വാക്വം ക്ലീനറും നിര്‍മിച്ചിരിക്കുകയാണ് അങ്കിത് കശ്യപ് എന്ന ബെംഗളൂരു സ്വദേശി. പഴയ ബാറ്ററികളും ചെറുഫാനുമൊക്കെയാണ് അങ്കിത് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ തൊപ്പിക്കുമുകളില്‍ ചെറുഫാന്‍ ഫിറ്റ് ചെയ്ത് 'കൂളായി' നടക്കാനുള്ള സംവിധാനവുമുണ്ട്. പാഴ്ത്തുണികള്‍ കൊണ്ട് നിര്‍മിച്ച നിത്യേപയോഗ വസ്തുക്കളും ഊര്‍ജ്ജസ്രോതസ്സുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ആവശ്യകത വിവരിക്കുന്ന മാതൃകകളും ഡ്രോണിന്റെ പ്രവര്‍ത്തനവുമെല്ലാം കണ്ടറിയാനും അവസരമുണ്ട്.

ബുദ്ധിപരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ളവര്‍ക്കുള്ളതാണ് ഇവിടെയൊരുക്കിയിരിക്കുന്ന ജ്യാമിതീയ രൂപങ്ങള്‍. ഇവ ഓരോ ഭാഗങ്ങളായി മാറ്റിയാല്‍ ആദ്യം ഉണ്ടായിരുന്ന രൂപത്തിലേക്ക് മാറ്റുക അത്ര എളുപ്പമല്ല. ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് ഇതിന്റെ 'ചലഞ്ച്'. സ്‌കൂള്‍ വിദ്യാര്‍ഥികളും ശാസ്ത്ര കുതുകികളും ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് പ്രദര്‍ശനം കാണാനെത്തുന്നത്. ഫെബ്രുവരി 10-ന് സമാപിക്കും.