ശ്രാവണബലഗോള: മഹാമസ്തകാഭിഷേകത്തിന് തിരിതെളിഞ്ഞതോടെ വരുംദിവസങ്ങളില്‍ ശ്രാവണബലഗോളയിലേക്ക് തീര്‍ഥാടകരുടെയും സഞ്ചാരികളുടെയും ഒഴുക്ക് ആരംഭിക്കും.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമസ്തകാഭിഷേകം ജൈനമത വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതും സന്ദര്‍ശകര്‍ക്ക് ഏറെ വിസ്മയം നല്‍കുന്നതുമാണ്. ശ്രാവണബലഗോള ടൗണില്‍ ഒരുക്കിയിട്ടുള്ള 12 ചെറിയപട്ടണങ്ങളിലാണ് താമസസൗകര്യം.

പ്രത്യേകം തയ്യാറാക്കിയ പട്ടണത്തിലാണ് ദിഗംബര സന്ന്യാസിമാര്‍ കഴിയുക. ആഘോഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകരും വരുംദിവസങ്ങളില്‍ എത്തും.

ശ്രാവണബലഗോള റെയില്‍വേ സ്റ്റേഷനിലും സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചു. 10,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന താത്കാലിക വിശ്രമമുറി ഇവിടെ ഒരുക്കി.

തിരക്ക് നിയന്ത്രിക്കാന്‍ ആറ്് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും ഏര്‍പ്പെടുത്തി. കൂടാതെ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളുടെ എണ്ണവും ഉയര്‍ത്തിയിട്ടുണ്ട്.

ഇതോടെ പ്രതിദിനം 30,000 വരെ യാത്രക്കാരെ കൈകാര്യംചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സ്റ്റേഷന് സമീപത്തായി അതിഥിമന്ദിരവും ആരംഭിച്ചു.

രണ്ടുകോടി രൂപയാണ് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ചെലവഴിച്ചത്. സന്ദര്‍ശകരെ സഹായിക്കാന്‍ 200 ജീവനക്കാരും സ്റ്റേഷനിലുണ്ടാവും.

ആഘോഷം നടക്കുന്നതിനാല്‍ ഫെബ്രുവരിയില്‍ ശ്രാവണബലഗോളയിലെ സസ്യേതര ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഇതുസംബദ്ധിച്ച് ഹാസന്‍ ജില്ലാ ഭരണകൂടം ഹോട്ടലുകള്‍ക്ക് നിര്‍ദേശംനല്‍കി.

സുരക്ഷാക്രമീകരണങ്ങള്‍ക്കായി 5500 പോലീസുകാര്‍ക്കുപുറമേ 255 അഗ്നിരക്ഷാസേനാ അംഗങ്ങളെയും വിന്യസിച്ചു. സി.സി.ടി.വി. ക്യാമറകള്‍, വീഡിയോഗ്രാഫര്‍മാര്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടൗണിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്.