ബെംഗളൂരു: സംസ്ഥാനത്ത് മഴക്കാലത്തിന് അറുതിയായെങ്കിലും വിട്ടുപോകാതെ ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും. ഒക്ടോബര്‍ 19 വരെ സംസ്ഥാനത്ത് 13,540 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ എട്ടിന് ഇത് 16,552 ആയി വര്‍ധിച്ചു. ചിക്കുന്‍ഗുനിയയും വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ഒക്ടോബറില്‍ 2184 പേരിലാണ് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചത്. ഡിസംബറില്‍ ഇത് 3012 ആയി.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ മഴയ്ക്കുശേഷം സംസ്ഥാനത്ത് മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ല എന്ന പരാതി ഉയര്‍ന്നിരുന്നു. മാലിന്യനിക്ഷേപകേന്ദ്രങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതും ഓടകള്‍ വൃത്തിയാക്കാത്തതും വന്‍ തോതില്‍ കൊതുക് വളരാനിടയാക്കുന്നു. ഇതാണ് പകര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ വ്യാപകമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പൂര്‍ണമല്ലെന്നും പകര്‍ച്ചവ്യാധികള്‍ ഇതിലുമേറെയാണെന്നാണ് പറയപ്പെടുന്നത്.

മഴക്കാലത്തിനുമുമ്പ് സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല എന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു. കുടിവെള്ള സ്രോതസ്സുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്നതില്‍ കനത്ത പരാജയമാണ് സര്‍ക്കാര്‍ നേരിട്ടതെന്നായിരുന്നു ആരോപണം. കനത്തമഴ പെയ്തതോടെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞതുമില്ല. മഴ അവസാനിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ആരോഗ്യരംഗത്ത് കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിയാത്തതാണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്.

ഒക്ടോബറില്‍ കുട്ടികളില്‍ പനി പടര്‍ന്നുപിടിച്ചതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ബെംഗളൂരുവിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ഈവര്‍ഷം ഒക്ടോബര്‍ വരെ പനിബാധിച്ച് മരിച്ചത് 52 കുട്ടികളെന്ന കണക്കും ഏറെ വിമര്‍ശനങ്ങള്‍ക്കുവഴിവെച്ചു.