ബെംഗളൂരു: ബന്ദിനെത്തുടർന്ന് ഭൂരിഭാഗം ടാക്സികളും നിരത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സർവീസ് നടത്തിയ ടാക്സികൾ യാത്രക്കാരിൽനിന്ന് കഴുത്തറപ്പൻ നിരക്കാണ് ഈടാക്കിയത്. ഓൺലൈൻ ടാക്സികൾ രണ്ടു കിലോമീറ്റർ ദൂരത്തിന് 150 രൂപയ്ക്കടുത്ത് യാത്രക്കാരിൽനിന്ന് വാങ്ങി. ഓട്ടോറിക്ഷകളും അധിക നിരക്ക് ഈടാക്കി. ബി.എം.ടി.സി., കർണാടക ആർ.ടി.സി. ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ മറ്റുമാർഗങ്ങളില്ലാതെ യാത്രക്കാർ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു.
ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ രണ്ടിരട്ടി നിരക്കുവരെ ഈടാക്കിയതായി യാത്രക്കാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെ ബസ് സ്റ്റാൻഡുകളിലെത്തിയ യാത്രക്കാരാണ് കുടുങ്ങിപ്പോയത്. പലർക്കും ബസ് സ്റ്റാൻഡുകളിൽ ഏറെ നേരം നിന്ന ശേഷമാണ് ടാക്സി ലഭിച്ചത്. ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ തുറക്കാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. അതിനിടെ ചില വഴിയോര കച്ചവടക്കാർ ബസ് സ്റ്റാൻഡുകളിൽ കുടുങ്ങിയ യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകിയത് ആശ്വാസമായി.