മൈസൂരു: ദസറവേളയിലെ രാത്രിയില്‍ മൈസൂരുവിനെ വര്‍ണാഭമാക്കുന്ന ദീപാലങ്കാരങ്ങള്‍ ഇത്തവണ അതിന്റെ പൂര്‍ണരീതിയില്‍ തിരിച്ചെത്തി. കഴിഞ്ഞവര്‍ഷം വരള്‍ച്ചയെത്തുടര്‍ന്ന് ദസറ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയപ്പോള്‍ ദീപാലങ്കാരങ്ങളും പരിമിതപ്പെടുത്തിയിരുന്നു. നഗരത്തിലെ റോഡുകളില്‍ 15 കി.മീറ്ററോളം ദൈര്‍ഘ്യത്തിലും 30ഓളം സര്‍ക്കിളുകളിലും ദീപാലങ്കാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

വിവിധ നിറങ്ങളിലുള്ള ബള്‍ബുകള്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. മൈസൂരു കൊട്ടാരം, ഡി.സി. ഓഫിസ്, മൈസൂരു റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഓഫിസ്, ചാമുണ്ഡിമല എന്നിവിടങ്ങളിലും ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്.
 
നഗരത്തിലെ മുഖ്യആകര്‍ഷണമായ മൈസൂരു കൊട്ടാരത്തില്‍ ഒരുലക്ഷം ബള്‍ബുകളാണ് രാത്രിയില്‍ കത്തിനില്‍ക്കുക. ഇത്തവണത്തെ ദസറയുടെ ആശയം ' പച്ചപ്പ് ' ആയതിനാല്‍ ദീപാലങ്കാരം ഒരുക്കിയിരിക്കുന്ന ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ കൂടുതല്‍ ഇടങ്ങളിലും പച്ച വെളിച്ചം ചൊരിയുന്ന എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

രാത്രി ഏഴരമണി മുതല്‍ ഒമ്പതരവരെയാണ് ദീപാലങ്കാരം. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായ തരത്തിലാണ് ഇത്തവണത്തെ ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെ.ആര്‍. സര്‍ക്കിള്‍, ചാമരാജേന്ദ്ര വോഡയാര്‍ സര്‍ക്കിള്‍, ജയചാമരാജ വോഡയാര്‍ സര്‍ക്കിള്‍ എന്നിവിടങ്ങളിലെ ദീപാലങ്കാരം ദസറ പരിപാടികള്‍ കാണാന്‍ നഗരത്തിലെത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.

ദസറ ജലകായികമേളയ്ക്ക് പ്രതികരണം കുറവ്

മൈസൂരു: ദസറ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജലസാഹസികവിനോദ മത്സരങ്ങള്‍ക്ക് പ്രതീക്ഷിച്ചത്ര ജനപങ്കാളിത്തമില്ല. ആദ്യരണ്ടുദിനങ്ങളിലായി 150നടുത്ത് പേരേ മത്സരങ്ങള്‍ നടക്കുന്ന വരുണ തടാകത്തിലെത്തിയുള്ളു.

ബോട്ട് റേസ്, ജെറ്റ്് സ്‌കീയിങ്, കയാക്കിങ് തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്. ജനറല്‍ തിമ്മയ്യ അക്കാദമി ഓഫ് അഡ്വഞ്ചര്‍ ആണ് മത്സരത്തിന്റെ സംഘാടകര്‍. മുന്‍ വര്‍ഷങ്ങളില്‍ ജലകായികമേളയില്‍ പങ്കെടുക്കാന്‍ നിരവധി പേരെത്തിയിരുന്നു. കാവേരിപ്രശ്‌നം കാരണം ഇത്തവണ മൊത്തത്തില്‍ ദസറയ്ക്ക് സന്ദര്‍ശകര്‍ കുറഞ്ഞതാവും ജലകായികമേളയെയും ബാധിച്ചതെന്നു സംഘാടകര്‍ പറയുന്നു.

ദസറ ആഘോഷങ്ങളില്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനായി സാഹസികവിനോദങ്ങള്‍ 2,000മുതലാണ് ഉള്‍പ്പെടുത്തിയത്. ആരംഭഘട്ടത്തില്‍ ബംഗീ ജമ്പിങ്, പാരാ-സെയിലിങ്, വാള്‍ ക്ലൈമ്പിങ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയവേ ഇവ ഓരോന്നായി കുറഞ്ഞുവരികയും ഇത്തവണ ജലകായികമത്സരങ്ങളിലേക്ക് മാത്രമായി ഒതുങ്ങുകയും ചെയ്തു. നഗരത്തില്‍ നിന്നു 10 കി.മീറ്റര്‍ അകലെയായി മൈസൂരു-ടി.നര്‍സിപൂര്‍ റോഡിലാണ് മത്സരവേദിയായ വരുണ തടാകം സ്ഥിതിചെയ്യുന്നത്.