ബെംഗളൂരു
:കേരളത്തിൽ കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ. എട്ടുസ്ഥലങ്ങളിലേക്കു തീവണ്ടികൾ സർവീസ് നടത്തുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചു.
ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാലുദിവസം മംഗളൂരുവഴി പ്രത്യേക സർവീസുകൾ (16511/16512) നടത്തുന്നതിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽനിന്ന് രാത്രി 7.15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.10-ന് കണ്ണൂരിലെത്തുകയും തിരിച്ച് വൈകീട്ട് അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.20-ന് ബെംഗളൂരുവിലെത്തുകയുംചെയ്യുന്നവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് യശ്വന്തപുര, കുനിഗൽ, ബി.ജി. നഗർ, ശ്രാവണബെലഗോള, ചന്നരായപട്ടണ, ഹാസൻ, സക്ലേശ്പുർ, സുബ്രഹ്മണ്യറോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കണ്ണൂരിലേക്ക് മറ്റൊരു തീവണ്ടിയും (16518) മൈസൂരു വഴിയുണ്ടാകും. ലോക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരു ശ്രമിക് തീവണ്ടിമാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂ. മറ്റുസംസ്ഥാനങ്ങളിലേക്ക് തീവണ്ടികൾ സർവീസ് നടത്തിയെങ്കിലും കേരളത്തിലേക്കു കൂടുതൽ സർവീസ് നടത്താൻ റെയിൽവേ ഇതുവരെ തയ്യാറായിരുന്നില്ല.
ഹുബ്ബള്ളി-മൈസൂരു ട്രൈ വീക്കിലി സ്പെഷ്യൽ, ഹുബ്ബള്ളി-സെക്കന്ദരാബാദ് ട്രൈ വീക്കിലി സ്പെഷ്യൽ, ഹുബ്ബള്ളി-ലോക്മാന്യതിലക് ട്രൈ വീക്കിലി സ്പെഷ്യൽ, ഹുബ്ബള്ളി-വാരണാസി ട്രൈ വീക്കിലി സ്പെഷ്യൽ, ഹുബ്ബള്ളി-ജോധ്പുർ ട്രൈ വീക്കിലി സ്പെഷ്യൽ, ബെംഗളൂരു-കാർവാർ ട്രൈ വീക്കിലി സ്പെഷ്യൽ, യശ്വന്തപുര - ഭാഗൽപുർ വീക്കിലി സ്പെഷ്യൽ എന്നിവയാണ് നിർദേശം സമർപ്പിച്ച മറ്റുതീവണ്ടികൾ.