ബെംഗളൂരു : കോവിഡ്-19നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് നേതൃത്വം നൽകിയത് മെഡിക്കൽ സമൂഹവും മറ്റു ‘കൊറോണാവിരുദ്ധ യോദ്ധാക്കളു’മാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബെംഗളൂരുവിലെ രാജീവ്ഗാന്ധി ആരോഗ്യസർവകലാശാലയുടെ രജതജൂബിലി ആഘോഷം വീഡിയോ കോൺഫറൻസ്‌വഴി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വൈറസ് അദൃശ്യശത്രുവായിരിക്കാം. എന്നാൽ, നമ്മുടെ ‘യോദ്ധാക്കൾ’ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തിൽ നമ്മുടെ ആരോഗ്യപ്രവർത്തകർ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരേയുള്ള പോരാട്ടത്തിന്റെ അടിത്തറ മെഡിക്കൽ സമൂഹത്തിന്റെയും മറ്റു കൊറോണാവിരുദ്ധ യോദ്ധാക്കളുടെയും കഠിനാധ്വാനമാണ്.

ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പട്ടാളക്കാരെപ്പോലെയാണ്. ഇവർ സേനാ യൂണിഫോം ധരിക്കുന്നില്ലെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തെ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, ശാസ്ത്രസമൂഹം എന്നിവരെ ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. കൊറോണാവിരുദ്ധ പോരാളികൾക്കെതിരേയുള്ള കൈയേറ്റങ്ങളും മോശം പെരുമാറ്റവും അംഗീകരിക്കില്ല -പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പാശ്ചാത്തലത്തിൽ മൂന്നു കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ ചർച്ചയും പങ്കാളിത്തവും ഉണ്ടാവണം. ടെലിമെഡിസിൻ, ആരോഗ്യമേഖലയിലെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ശ്രമങ്ങൾ, ആരോഗ്യരംഗത്തെ ഐ.ടി. വിനിയോഗം എന്നിവയിൽ കൂടുതൽ ചർച്ച ആവശ്യമാണ്.

‘മെയ്ക്ക് ഇൻ ഇന്ത്യ’യുമായി ബന്ധപ്പെട്ട്, പി.പി.ഇ. കിറ്റുകൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കുകയും കോവിഡ് പോരാളികൾക്ക് എത്തിച്ചുകൊടുക്കുകയുംചെയ്തു. ആരോഗ്യരംഗത്തെ ഐ.ടി. അനുബന്ധ സംരംഭമായ ‘ആരോഗ്യസേതു’ 12 കോടിയോളംപേർ ‘ഡൗൺലോഡ്’ചെയ്തു. ഇത് കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ ഏറെ സഹായമായതായും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിനുള്ള നടപടിയിലാണ് കേന്ദ്രസർക്കാർ. ഓരോ ജില്ലയിലും മെഡിക്കൽ കോളേജ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയാണ് ലക്ഷ്യം -മോദി വ്യക്തമാക്കി.

രജതജൂബിലി ആഘോഷത്തിൽ കർണാടക ഗവർണർ വാജുഭായ് വാല, മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഉപമുഖ്യമന്ത്രി അശ്വത് നാരായൺ, മെഡിക്കൽവിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ എന്നിവർ പങ്കെടുത്തു. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ആഘോഷച്ചടങ്ങുകൾ നടന്നത്.