ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് - ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ കാലത്ത് നടന്ന ഫോൺചോർത്തൽ കേസിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ. ചോദ്യംചെയ്യുന്നു. നഗരത്തിലെ 107 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഇൻസ്പെക്ടർമാർക്ക് സി.ബി.ഐ. സമൻസ് അയച്ചു. എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയെന്നാണ് കേസ്. ചില ഇൻസ്പെക്ടർമാരെ ചോദ്യം ചെയ്തെന്നും ഫോൺ ചോർത്തൽ സംബന്ധിച്ച് സി.ബി.ഐ.യുടെ ടെക്നിക്കൽ സപ്പോർട്ട് സെന്ററിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെൻട്രൽ ക്രൈം ബ്രാഞ്ച്, ഇന്റലിജൻസ് എന്നിവയിൽ നിന്നുൾപ്പെടെ 250-ലധികം പോലീസ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്തിരുന്നു. മാണ്ഡ്യ എം.പി. സുമലതയുടെ ഫോണും ചോർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഫോൺ ചോർത്തലിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണം കുമാരസ്വാമി നിഷേധിച്ചിട്ടുണ്ട്.