മൈസൂരു: ശ്രീരംഗപട്ടണയില്‍ ടിപ്പുവിന്റെ ആയുധപ്പുര മാറ്റിസ്ഥാപിക്കുന്നതിനെത്തുടര്‍ന്ന് വൈകിയ മൈസൂരു-ബെംഗളൂരു റെയില്‍പ്പാത വൈദ്യുതീകരിക്കല്‍ പ്രവര്‍ത്തനം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാവും. ഇതോടെ പാതയില്‍ വൈദ്യുത തീവണ്ടികള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കും.

ശ്രീരംഗപട്ടണയില്‍ 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ഭാഗത്ത് നടക്കുന്ന വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഒക്ടോബര്‍ 15-ന് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ പരിശോധന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാതയുടെ മറ്റുഭാഗങ്ങളില്‍ ഇതിനോടകം വൈദ്യുതീകരണം പൂര്‍ത്തിയായിരുന്നു. വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ മൈസൂരു-ചെന്നൈ ശതാബ്ദി തീവണ്ടിയാണ് വൈദ്യുതതീവണ്ടിയായി ആദ്യം ഓടിക്കുക. പിന്നീട് തിരഞ്ഞെടുക്കുന്ന മറ്റു തീവണ്ടികളിലും വൈദ്യുതഎന്‍ജിന്‍ ഘടിപ്പിച്ച് ഓടിക്കും. വൈദ്യുതതീവണ്ടിയാവുന്നതോടെ ശതാബ്ദി എക്‌സ്​പ്രസിന്റെ യാത്രാസമയത്തില്‍ 10 മുതല്‍ 15 മിനിറ്റുവരെ കുറവുവരുമെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ ബെംഗളൂരു-ചെന്നൈ പാതയില്‍ വൈദ്യുതതീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിലെത്തിയശേഷം ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് തീവണ്ടികള്‍ മൈസൂരുവിലെത്തുക.

2017- മാര്‍ച്ചില്‍ ആയുധപ്പുര മാറ്റിസ്ഥാപിച്ചശേഷമാണ് റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ആരംഭിച്ചത്. ഇതിനുശേഷം വൈദ്യുതീകരണം തുടങ്ങുകയായിരുന്നു. മൂന്നുവര്‍ഷത്തോളം നീണ്ട ശ്രമത്തിനുശേഷമാണ് 1050 ടണ്‍ ഭാരംവരുന്ന ആയുധപ്പുര മാറ്റിസ്ഥാപിച്ചത്.