മൈസൂരു: ദസറയ്ക്ക് സമാപനംകുറിച്ച് നടന്ന ജംബുസവാരിവേളയില്‍ അമ്പാരി ആനപ്പുറത്തെ ചാമുണ്ഡേശ്വരി വിഗ്രഹത്തെ അലങ്കരിക്കാന്‍ രണ്ടു സാരികള്‍ ഉപയോഗിച്ചത് വിവാദമാവുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയും മൈസൂരു കോര്‍പ്പറേഷന്‍ മേയര്‍ എം.ജെ. രവികുമാറും നല്‍കിയതാണ് സാരികള്‍. ദസറവേളയില്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയ സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി സവാരിവേളയില്‍ വിഗ്രഹത്തെ അലങ്കരിക്കാന്‍ സാരിനല്‍കിയിരുന്നു. സവാരിവേളയില്‍ രണ്ടു സാരികള്‍ വിഗ്രഹത്തില്‍ കണ്ടതിനെത്തുടര്‍ന്ന് മേയര്‍ ആക്ഷേപം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മുഖ്യമന്ത്രിയുടെ ഭാര്യ സാരി നല്‍കുന്നതിന് മുമ്പായിതന്നെ വിഗ്രഹത്തെ അലങ്കരിക്കാനുള്ള സാരി താന്‍ നല്‍കിയിരുന്നെന്ന് മേയര്‍ അവകാശപ്പെട്ടു. വിഷയം ബന്ധപ്പെട്ട അധികൃതരുടെ മുമ്പാകെ ധരിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.