ബെംഗളൂരു: വടക്കൻ കർണാടക, മലനാട്, തീരദേശ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായി തുടുന്നു. പ്രളയം വിലയിരുത്തുന്നതിനായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. മുഖ്യമന്ത്രി ബി.എസ്‌. യെദ്യൂരപ്പ, കേന്ദ്ര മന്ത്രിമാരായ പ്രൾഹാദ് ജോഷി, സുരേഷ് അംഗടി എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബെലഗാവി, ചിക്കോടി, ബാഗൽകോട്ട എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തിയത്. 45 വർഷത്തിന് ശേഷമുണ്ടായ പ്രളയത്തിൽ 10,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി യെദ്യൂരപ്പ അമിത് ഷായെ അറിയിച്ചു. അടിയന്തര സഹായമായി 3000 കോടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ദുരിത ബാധിതരെ സഹായിക്കാൻ സംസ്ഥാനത്തോടൊപ്പം കേന്ദ്ര സർക്കാരും കൂടെ നിൽക്കുമെന്ന് അമിത് ഷാ പറഞ്ഞു.

ദുരിത ബാധിതരെ സഹായിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയിരുന്നു. കർണാടകത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർക്കാണ് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ചുമതല. ചിലയിടങ്ങളിൽ മഴയ്ക്ക് നേരിയ കുറവുണ്ടായെങ്കിലും വെള്ളം ഇറങ്ങിയില്ല. കാവേരി, കൃഷ്ണ, തുടങ്ങി സംസ്ഥാനത്തെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്.

വെള്ളം മുങ്ങിയ സ്ഥലങ്ങളിൽനിന്നും വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നത്. ബെലഗാവി, ബാഗൽ കോട്ട, ധാർവാഡ്, ഹവേരി, കുടക്, ഉത്തര കന്നഡ, മംഗളൂരു, ശിവമൊഗ എന്നിവടിങ്ങളിലേക്കുള്ള റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. 500-ഓളം പാലങ്ങൾ തകർന്നു. മൈസൂരുവിലെ പല പ്രദേശങ്ങളും വെള്ളത്തിനിടിയിലാണ്.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്ന നടപടി തടുങ്ങിയെങ്കിലും മഴയ്ക്ക് കുറവില്ലാത്തത് ദുരിതാശ്വാസ പ്രവർത്തനത്തെ ബാധിച്ചു. മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഒറ്റയാൾ ഭരണത്തിൽ മഴക്കെടുതി അനുഭവിക്കുന്നവർ ദുരിതത്തിലാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.

സംസ്ഥാനത്തെ മഴക്കെടുതിമൂലമുണ്ടായ നഷ്ടങ്ങൾ കണക്കാക്കി വരികയാണെന്നും 40000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ പറഞ്ഞു. 10000 കോടിയുടെ നഷ്ടം വിവിധ വകുപ്പുകൾ ഇതിനകം കണക്കെടുത്തിട്ടുണ്ട്. ഇതിൽ 3000 കോടിയുടെ അടിയന്തര സഹായമാണ് കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. യഥാർഥ നഷ്ടം കണക്കാക്കുന്നതിന് സമയമെടുക്കും. ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കുന്നതിന് 3000 കോടി ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Amit Shah visits Bangalore flood affected areas