ബെംഗളൂരു: തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബെംഗളൂരുവിലെത്തി. സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും യോഗത്തിനെത്തി. അടുത്ത രണ്ടു മാസം നടത്തേണ്ട പ്രപാരണതന്ത്രങ്ങള്‍ അമിത് ഷാ യോഗത്തില്‍ വിശദീകരിച്ചു. എം.പി. മാര്‍, എം.എല്‍.എ.മാര്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.
 
മഹദായി നദീജല തര്‍ക്കത്തില്‍ ബി.ജെ.പി.ക്ക് പറ്റിയ വീഴ്ചയും ചര്‍ച്ചയായെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം. മെഹദായി നദീജല തര്‍ക്കത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അവലോകനം ചെയ്തു. മഹദായി നദീജലതര്‍ക്കം പരിഹരിക്കുമെന്നും കലസ- ബന്ദൂരി ജലവിതരണ പദ്ധതിക്ക് വെള്ളം ലഭിക്കുമെന്ന ബി.എസ്. യെദ്യൂരപ്പയുടെ വാഗ്ദാനം പാലിക്കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. ബി.ജെ. പി. ഓഫീസിന് മുന്നില്‍ വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയിയിരുന്നു.
 
പ്രശനത്തില്‍നിന്ന് പാര്‍ട്ടിയെ കരകയറ്റുന്നതിനുള്ള തന്ത്രം ആവിഷ്‌കരിക്കുന്നതിനായാണ് അമിത് ഷാ എത്തിയത്. ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാനാണ് അമിത് ഷായുടെ തീരുമാനം. കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്.