ബെംഗളൂരു : വാഹനസൗകര്യമില്ലാതെ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ആശ്വാസം പകർന്ന് നാട്ടിലേക്കുള്ള ആദ്യതീവണ്ടി വ്യാഴാഴ്ച നഗരത്തിൽനിന്ന് പുറപ്പെടും.

ബെംഗളൂരു-തിരുവനന്തപുരം പ്രത്യേക തീവണ്ടിയാണ് വ്യാഴാഴ്ച സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിക്കുന്നത്. നോർക്ക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്രക്കാർക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കുക. ഒരുദിവസം 1200-ഓളം പേർക്കാണ് തീവണ്ടിയിൽ യാത്രചെയ്യാനുള്ള അവസരം.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തീവണ്ടി പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈലിൽ ലഭിക്കും. ഒരുദിവസം ടിക്കറ്റ് ബുക്കിങ് 1200 കവിഞ്ഞാൽ തൊട്ടടുത്ത ദിവസമായിരിക്കും യാത്ര ചെയ്യാനുള്ള അനുമതി. ഈ വിവരവും യാത്രക്കാർക്ക് മൊബൈൽ ഫോൺ സന്ദേശമായി ലഭിക്കും. ഇറങ്ങുന്ന റെയിൽവേ സ്റ്റേഷനിൽ പരിശോധനയ്ക്ക് ആരോഗ്യപ്രവർത്തകരുടെ സംഘമുണ്ടാകും. ക്വാറന്റീൻ സംബന്ധിച്ച നിർദേശങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ബുധനാഴ്ച വൈകീട്ടോടെ 600-ഓളം പേരാണ് ബെംഗളൂരുവിൽനിന്ന് ടിക്കറ്റ് ബുക്കുചെയ്തിരിക്കുന്നത്.

എങ്ങനെ ബുക്കുചെയ്യാം?

നോർക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകൾ ബുക്കുചേയ്യേണ്ടത്. വെബ്സൈറ്റിൽ അഡ്വാൻസ് ട്രെയിൻ ബുക്കിങ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വ്യക്തി വിവരങ്ങൾ നൽകി ടിക്കറ്റ് ബുക്കുചെയ്യാം. ബുക്കിങ് പൂർത്തിയാകുന്നതോടെ യാത്രക്കാരന്റെ മൊബൈലിലേക്ക് ടിക്കറ്റ് വിവരങ്ങൾ ലഭിക്കും. ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരു യാത്രക്കാരന് ഒരു ടിക്കറ്റ് മാത്രമാണ് ലഭിക്കുക. കുടുംബത്തോടൊപ്പമാണ് യാത്രചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ ഓരോ അംഗത്തിനും പ്രത്യേകം ടിക്കറ്റ് എടുക്കണം. എ.സി.യില്ലാത്ത ചെയർ കാറാണ് സർവീസ് നടത്തുക. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബുക്കിങ് ആവശ്യമില്ല.

യാത്രാപാസ് ആവശ്യമോ?

തീവണ്ടിയിൽ യാത്രചെയ്യുന്നവർക്കും യാത്രാപാസ് ആവശ്യമാണ്. നോർക്കറൂട്ട്സ് വഴിയോ കോവിഡ് ജാഗ്രത പോർട്ടൽ വഴിയോ പാസിന് നേരത്തേ അപേക്ഷിച്ചവർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. മുമ്പ് പാസിന് അപേക്ഷിക്കാത്തവർക്ക് ടിക്കറ്റ് ബുക്ക്ചെയ്തശേഷം ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി covid19jagratha.kerala.nic.in എന്ന വെബ് പോർട്ടലിൽ കയറി എൻട്രി പാസിന് അപേക്ഷിക്കാം. പാസ് കൺഫേമായില്ലെങ്കിലും അപേക്ഷയുടെ രസീത് (അക്‌നോളജ്മെന്റ്) കൈവശം സൂക്ഷിച്ചാൽ മതി. കർണാടകയുടെ സേവാസിന്ധു ആപ്പിൽ രജിസ്റ്റർ ചെയ്ത പാസോ രസീതോ നിർബന്ധമായും കരുതണം.

സ്റ്റോപ്പുകൾ ഏതൊക്കെ?

കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച അന്തിമതീരുമാനമായിട്ടില്ല. ഏതു സ്റ്റേഷനിൽ ഇറങ്ങുകയാണെങ്കിലും ടിക്കറ്റ് നിരക്ക് 1000 രൂപതന്നെയായിരിക്കും.

നോർക്ക ഹെൽപ്പ്‌ലൈൻ

തീവണ്ടിയുമായോ ടിക്കറ്റ് ബുക്കുചെയ്യുന്നതുമായോ ബന്ധപ്പെട്ട സംശയങ്ങൾക്ക് ‘നോർക്ക’യുടെ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം. നമ്പറുകൾ: 080 25585090, 04712517225.

Content Highlight: After Lockdown: First train from Bangalore