ബെംഗളൂരു: കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകര്‍ ഒരാഴ്ചത്തെ റിലേ നിരാഹാരം തുടങ്ങി.

മുന്‍ അഡ്വേക്കറ്റ് ജനറല്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരാണ് ഹൈക്കോടതി സുവര്‍ണജൂബിലി ഗേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദഗൗഡ എന്നിവര്‍ അഭിഭാഷകരുടെ സമരപ്പന്തലിലെത്തി.

ജഡ്ജിമാരുടെ കുറവ് നികത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ പറഞ്ഞു.

സമരത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്തുണ പ്രഖ്യാപിച്ചു. കര്‍ണാടകത്തില്‍ ജഡ്ജിമാരുടെ തസ്തികകളില്‍ 62 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. ജഡ്ജിമാരുടെ കുറവുകാരണം കേസുകള്‍ കെട്ടിക്കിടക്കുകയാണ്.
 
മുന്‍ അഡ്വേക്കറ്റ് ജനറല്‍മാരായ ബി.വി. ആചാര്യ, അശോക് ഹരനഹള്ളി, രവിവര്‍മ കുമാര്‍, അഡ്വേക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.പി. രംഗനാഥ്, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സഹ ചെയര്‍മാന്‍ വൈ.ആര്‍. സദാശിവ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.