ബെംഗളൂരു: ആനേക്കലിൽ വ്യാപാരിയെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ബെല്ലാരി സ്വദേശികളായ റസിയ ബീഗം (29), ലിംഗരാജു (40), ശ്രീരാംപുര സ്വദേശി സതീഷ് (29) എന്നിവരെയാണ് സൂര്യനഗര പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ഹെന്നനഗര സ്വദേശിയായ ജ്യോതപ്പ (49) ആനേക്കലിന് സമീപത്ത് വെച്ച് ആസിഡ് ആക്രമണത്തിന് ഇരായായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജ്യോതപ്പ ശനിയാഴ്ച രാവിലെ മരിച്ചു.

റസിയ ബീഗത്തിന് പണം കടം കൊടുത്തതായും ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടെന്നും ചികിത്സയിൽ കഴിയുന്നതിനിടെ ജ്യോതപ്പ പോലീസിന് മൊഴിനൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റസിയ ബീഗത്തെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് മറ്റു രണ്ടുപേരുടെ പങ്കും വ്യക്തമായി. റസിയ ബീഗം 30,000 രൂപ ജ്യോതപ്പയിൽനിന്ന് കടം വാങ്ങിയിരുന്നു. പണം തിരിച്ചുനൽകാൻ കഴിയാതെ വന്നതോടെ ജ്യോതപ്പ മോശം ഉദ്ദേശ്യത്തോടെ പെരുമാറിയതാണ് കൊലയിലെത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ജ്യോതപ്പ മോശമായി പെരുമാറിയ കാര്യം റസിയ അയൽക്കാരനായ ലിംഗരാജുവിനെ അറിയിച്ചു. ഇരുവരും ചേർന്നാണ് ജ്യോതപ്പയെ അക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ലിംഗരാജു സഹായത്തിനായി സതീഷിനെയും ഒപ്പം കൂട്ടി. ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന ജ്യോതപ്പയെ ആനേക്കലിനുസമീപം കാത്തിരിക്കുകയായിരുന്ന ലിംഗരാജുവും സതീഷും ആസിഡ് ഒഴിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് വടിവാളുപയോഗിച്ചും ആക്രമിച്ചു. ജ്യോതപ്പയുടെ ബൈക്കിനും തീകൊളുത്തി. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ജ്യോതപ്പയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്.