സെപ്റ്റംബറിൽ തുടങ്ങും

ബെംഗളൂരു : മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ബി.എസ്. യെദ്യൂരപ്പ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു. ഓരോ ആഴ്ചയും ഓരോ ജില്ലയിൽ സഞ്ചരിച്ച് പാർട്ടി ഭാരവാഹികളുടെ യോഗങ്ങളിൽ പങ്കെടുക്കും. പാർട്ടിയെ ശക്തിപ്പെടുത്തകയാണ് ലക്ഷ്യം. ഗണേശ ചതുർഥി (സെപ്റ്റംബർ 10) കഴിഞ്ഞ് ഈ യാത്രകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ പാർട്ടിയെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പര്യടനം.

തിരഞ്ഞെടുപ്പിൽ 130-135 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും വാക്കുകൊടുത്തതാണെന്ന് യെദ്യൂരപ്പ പറഞ്ഞു.