ബെംഗളൂരു : ആപ്പ് അധിഷ്ഠിത ടാക്സി സർവീസ് നടത്താനുള്ള ഒലയുടെ ലൈസൻസ് കാലവധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പ് അധികൃതർ വ്യാപകമായി കാറുകൾ പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടെ ഒട്ടേറെ ഡ്രൈവർമാരിൽനിന്ന് പിഴയും ഈടാക്കിയിട്ടുണ്ട്. അതേസമയം സെപ്റ്റംബർ 30 വരെ കമ്പനിക്ക് ലൈസൻസുണ്ടെന്നും നിയമവിരുദ്ധമായാണ് കാറുകൾ പിടിച്ചെടുത്തതെന്നുമാണ് ഒലയുടെ വാദം. കേന്ദ്ര ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ ജൂൺ 17-ലെ ഉത്തരവനുസരിച്ച് മൂന്നുമാസംകൂടി കമ്പനിയുടെ ലൈസൻസ് നീട്ടിനൽകിയെന്ന് ഒല അധികൃതർ പറയുന്നു.

അതേസമയം കമ്പനിയുമായുള്ള പ്രശ്നത്തിൽ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവർമാരെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ആവശ്യപ്പെട്ട് ഒല ഡ്രൈവർമാരും രംഗത്തെത്തി. പല ഡ്രൈവർമാർക്കും 5000 രൂപവരെ ഉദ്യോഗസ്ഥർ പിഴ ചുമത്തിയതായി ഒല ഡ്രൈവേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ ആരോപിച്ചു.

ജൂൺ 30-വരെയാണ് ഒല ഉടമകളായ എ.എൻ.ഐ. ടെക്‌നോളജിക് സർവീസ് നഗരത്തിൽ സർവീസ് നടത്താൻ അനുമതിയുള്ളതെന്നാണ് ഗതാഗതവകുപ്പ് അധികൃതരുടെ വാദം. ലൈസൻസ് പുതുക്കാത്തതിനെത്തുടർന്ന് നോട്ടീസ് നൽകിയെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നുമുണ്ടായില്ല. ഇതോടെയാണ് വാഹനങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങിയത്‌.