ബെംഗളൂരു : ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവും മലയാളിയുമായ ഡോ. വർഗീസ് കുര്യന്റെ സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കും . ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘമാണ് (ജി.സി.എം.എം.എഫ്.) തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്നാവശ്യവുമായി കേന്ദ്രത്തെ സമീപിച്ചത്.

ഡോ. വർഗീസ് കുര്യന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ജി.സി.എം.എം.എഫ്. ഈ വർഷം വിവിധ പരിപാടികൾ സംഘടിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജന്മദിനമായ നവംബർ 26-ന് സ്റ്റാമ്പ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റാമ്പ് പുറത്തിറക്കുന്നതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി അദ്ദേഹത്തിന്റെ മകൾ നിർമല കുര്യൻ പറഞ്ഞു.

കോഴിക്കോട് സ്വദേശിയായ ഡോ. വർഗീസ് കുര്യൻ നൂതന സാങ്കേതിക വിദ്യകൾ കൊണ്ടും കർഷകരെ ഏകോപിപ്പിച്ചും ക്ഷീരമേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കുകയായിരുന്നു. ഗുജറാത്തിൽ ആനന്ദിലെ കെയ്‌റ പാൽ ഉത്‌പാദക സഹകരണ സംഘത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് കെയ്‌റ സഹകരണ സംഘം അമുൽ എന്ന് പുനർനാമകരണം ചെയ്തു. വർഗീസ് കുര്യന്റെ ചിത്രവുമായി പുറത്തിറങ്ങുന്ന സ്റ്റാമ്പ് അദ്ദേഹത്തിനുള്ള മറ്റൊരു അംഗീകാരമായാണ് കാണുന്നതെന്ന് മകൾ നിർമല കുര്യൻ പറഞ്ഞു.