മൈസൂരു : കർണാടകത്തിൽ വിജയനഗര ജില്ലയ്ക്ക് സംസ്ഥാന മന്ത്രിസഭയുടെ പച്ചക്കൊടി ലഭിച്ചതോടെ മൈസൂരുവിൽ ഹുൻസൂർ ജില്ലക്കുവേണ്ടിയുള്ള ആവശ്യം ശക്തമായി. മൈസൂരു ജില്ല വിഭജിച്ച് ഹുൻസൂർ ആസ്ഥാനമായി പുതിയ ജില്ലയ്ക്ക് രൂപം നൽകണമെന്നാണ് ആവശ്യം. ഹുൻസൂരിൽ ഏറെക്കാലമായി ഉയരുന്ന ആവശ്യമാണിത്. കഴിഞ്ഞ ഹുൻസൂർ ഉപതിരഞ്ഞെടുപ്പിൽ പ്രധാനവിഷയങ്ങളിലൊന്നായി ഇത് ഉയർന്നു വന്നിരുന്നു.
കാർഷികമേഖലയായ ഹുൻസൂരിന് ജില്ലാ പദവി ലഭിക്കുന്നതോടെ ഭരണപരമായി ഒട്ടേറെ നേട്ടങ്ങളുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. നിരവധി ആദിവാസിക്കോളനികൾ ഉള്ള മേഖലകൂടിയാണിത്. മൈസൂരു ജില്ലയുടെ ഭാഗമായി നിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ ഈ മേഖലയിലേക്ക് കുറവാണെന്നും അഭിപ്രായമുണ്ട്. മൈസൂരു ദസറയുടെ ഒരുക്കങ്ങൾ നടക്കുമ്പോൾ ഹുൻസൂർ പോലുള്ള പ്രദേശങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടുപോകാറുണ്ടെന്നും ഇവിടത്തുകാർ പറയുന്നു.
റവന്യൂ അടിസ്ഥാനത്തിലുള്ള ഹുൻസൂർ സബ് ഡിവിഷനിൽ ഹുൻസൂർ, എച്ച്.ഡി. കോട്ടെ, സരഗൂർ, കെ.ആർ. നഗർ, പെരിയപട്ടണ, സാലിഗ്രാമ താലൂക്കുകളാണുള്ളത്. ഇത്രയും താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ലയ്ക്ക് രൂപം നൽകണമെന്നാണ് ആവശ്യം. ജില്ല രൂപവത്‌കരിക്കാനുള്ള ഭൗതികസാഹചര്യങ്ങൾ ഈ മേഖലയിലുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ഹൂൻസൂരിൽനിന്നുള്ള ബി.ജെ.പി. എം.എൽ.സി. എ.എച്ച്.വിശ്വനാഥ് കഴിഞ്ഞ ദിവസം ഈ ആവശ്യം വീണ്ടുമുന്നയിച്ചു. വരുന്ന ലജിസ്ലേറ്റീവ് യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹുൻസൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്ന എ.എച്ച്. വിശ്വനാഥ് തിരഞ്ഞെടുപ്പുസമയത്ത് ഹുൻസൂർ ജില്ലയുടെ കാര്യം ആവർത്തിച്ച് ഉന്നയിച്ചതായിരുന്നു.
മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ. എച്ച്.പി. മഞ്ജുനാഥും പുതിയ ജില്ലക്കുവേണ്ടി രംഗത്തുവന്നു. സർക്കാരിന്റെ ശ്രദ്ധയിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹുൻസൂർ ജില്ലക്കുവേണ്ടി ചില സംഘടനകൾ പ്രചാരണവുമായി രംഗത്തിറങ്ങാനും ആലോചിക്കുന്നുണ്ട്.