ബെംഗളൂരു : ബഹിരാകാശത്ത് ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹമായ കാർട്ടോസാറ്റ് -2 എഫും റഷ്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കനോപസ് വി-യും നേർക്കുനേർ.
700 കിലോഗ്രാം ഭാരമുള്ള ഇന്ത്യയുടെ കാർട്ടോസാറ്റ് -2 എഫ് റഷ്യയുടെ കനോപസ് വി-യുടെ നേർക്ക് അപകടകരമായ രീതിയിൽ അടുക്കുകയാണെന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസ് അവകാശപ്പെട്ടത്. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ അടുത്തുവരുന്നത് സ്വാഭാവികമാണെന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഐ.എസ്.ആർ.ഒ.) വ്യക്തമാക്കി.
കഴിഞ്ഞ നാലുദിവസമായി കാർട്ടോസാറ്റ് -2 എഫിനെ നിരീക്ഷിക്കുന്നുണ്ടെന്നും റഷ്യയുടെ ഉപഗ്രഹവുമായി 420 മീറ്ററിന്റെ അകലമുണ്ടെന്നും ഇരു ഉപഗ്രഹങ്ങളും 150 മീറ്ററിന്റെ അകലത്തിലെത്തുമ്പോഴേ ഭ്രമണപഥക്രമീകരണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ട ആവശ്യമുള്ളൂവെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലൂടെ ഒരേപോലെ ഉപഗ്രഹങ്ങൾ കടന്നുപോകുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇരുരാജ്യങ്ങളിലെയും ബഹിരാകാശ ഏജൻസികൾ സാഹചര്യം വിലയിരുത്തി പ്രശ്നം പരിഹരിക്കുകയാണുചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇരു ഉപഗ്രഹങ്ങളും തമ്മിൽ 224 മീറ്ററിന്റെ അകലംമാത്രമാണുള്ളതെന്നാണ് റോസ്‌കോസ്മോസ് അവകാശപ്പെട്ടത്. 2018 ജനുവരി 12-നാണ് ശ്രീഹരിക്കോട്ടയിൽനിന്ന് കാർട്ടോസാറ്റ് -2 എഫ് വിക്ഷേപിച്ചത്.