ബെംഗളൂരു : ബഹിരാകാശരംഗത്തെ സ്വകാര്യ കമ്പനികളുടെ നോഡൽ ഏജൻസിയായ നാഷണൽ സ്‌പെയ്‌സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ(ഇൻസ്‌പെയ്‌സ്) ചെയർമാൻസ്ഥാനത്തേക്ക് ഐ.എസ്.ആർ.ഒ.യിലെ മുതിർന്ന മലയാളിശാസ്ത്രജ്ഞരും പരിഗണനയിൽ.
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റർ(വി.എസ്.എസ്.സി.) ഡയറക്ടറും മലയാളിയുമായ എസ്. സോമനാഥ്, ബെംഗളൂരുവിലെ യു.ആർ. റാവു സ്‌പെയ്‌സ് സെന്റർ (യു.ആർ.എസ്.സി.) ഡയറക്ടറും മലയാളിയുമായ പി. കുഞ്ഞിക്കൃഷ്ണൻ, ഐ.ഐ.എസ്.യു. ഡയറക്ടർ ദയാല ദേവ് എന്നിവരാണ് പരിഗണനയിലുള്ളത്. മുതിർന്ന ശാസ്ത്രജ്ഞരായ ഇവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ച് കേന്ദ്രസർക്കാരിന് നൽകിയിട്ടുള്ളതെന്ന് ഐ.എസ്.ആർ.ഒ. വ്യക്തമാക്കി. ഇതുകൂടാതെ സുരക്ഷ, സാങ്കേതികം, നിരീക്ഷണം, നിയമം തുടങ്ങിയവയ്ക്കായി സ്വതന്ത്ര ഡയറക്ടർമാരെയും നിയമിക്കും.