ബെംഗളൂരു : കുടകിൽ ശൗചാലയത്തിന്റെ മാലിന്യക്കുഴിയിൽ വീണ ഒന്നരവയസ്സുള്ള കുട്ടിയാനയെ നാലുമണിക്കൂർനീണ്ട പ്രയത്നത്തിനൊടുവിൽ രക്ഷപ്പെടുത്തി. ദേവരപുര ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിലെ വീടിനോട് ചേർന്ന കുഴിയിലാണ് ചൊവ്വാഴ്ച രാവിലെ കുട്ടിയാന വീണത്. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കുഴിക്ക് സ്ലാബില്ലായിരുന്നു. ശബ്ദം കേട്ടെത്തിയ കാപ്പിത്തോട്ടത്തിലെ തൊഴിലാളികളാണ് ആനകുട്ടിയെ കുഴിയിൽവീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

ഇടുങ്ങിയ കുഴിയായിരുന്നതിനാൽ കോൺക്രീറ്റ് റിങ്ങുകൾ തകർത്ത് രക്ഷപ്പെടുത്താനുള്ള ശ്രമം ആദ്യഘട്ടത്തിൽ പരാജയപ്പെട്ടു. ഇതിനിടെ ആനക്കുട്ടിയുടെ കാൽ കോൺക്രീറ്റ് റിങ്ങിനിടയിൽ കുടുങ്ങി. ഇതോടെ കുട്ടിയാന അവശനായി. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനയെയെത്തിച്ചാണ് കുട്ടിയാനയെ കയറുകെട്ടി കുഴിയിൽനിന്ന് പുറത്തെത്തിച്ചത്. രാവിലെ ഏഴുമണിയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം 11 മണിയോടെയാണ് അവസാനിച്ചത്.

കാലിനുപരിക്കേറ്റ കുട്ടിയാനയെ ചികിത്സയ്ക്കുശേഷം കാട്ടിലേക്ക് അയയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലർച്ചെയോ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തിൽനിന്ന് കൂട്ടംതെറ്റിയതാണ് ആനക്കുട്ടിയെന്നാണ് നിഗമനം.