ബെംഗളൂരു : കഴിഞ്ഞവർഷം സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രധനമന്ത്രാലയം 629 കോടി രൂപ അനുവദിച്ചു. കേന്ദ്ര ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് (എൻ.ഡി.ആർ.എഫ്.) സംസ്ഥാനത്തിന് 629 കോടി അനുവദിച്ചത്. കഴിഞ്ഞ നവംബറിൽ അനുവദിച്ച 577 കോടിക്ക് പുറമേയാണ് കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ജൂലായ് മുതൽആഗസ്റ്റുവരെ പ്രളയത്തെത്തുടർന്ന് 6,000 കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ സംസ്ഥാനത്തുണ്ടായതായാണ് കണക്ക്.

തീരദേശജില്ലകളിലും വടക്കൻജില്ലകളിലും മണ്ണിടിച്ചിലും വ്യാപക കൃഷിനാശവുമാണ് കഴിഞ്ഞവർഷമുണ്ടായത്. കുടക്, ശിവമോഗ, ദക്ഷിണ കന്നഡ ഉൾപ്പെടെയുള്ള ജില്ലകളിൽ ആയിരക്കണക്കിന് വീടുകൾ നശിച്ചു. തകർന്ന റോഡുകളുംപാലങ്ങളും ഇതുവരെ പൂർവസ്ഥിതിയിലാക്കാനും കഴിഞ്ഞിട്ടില്ല. കൂടുതൽ തുക കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നതോടെ കൃഷിയും വീടും നശിച്ചവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാൻ കഴിയുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

അതേസമയം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ശക്തമായ മഴയെത്തുടർന്ന് വടക്കൻ ജില്ലകളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ റവന്യൂവകുപ്പ് ശേഖരിച്ചുവരികയാണ്. പച്ചക്കറി, കരിമ്പ് തോട്ടങ്ങളിൽ വെള്ളം കയറിയതോടെ ആയിരക്കണക്കിന് ഹെക്ടർ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ. വീടുകളും സ്‌കൂളുകൾ അടക്കമുള്ള പൊതുകെട്ടിടങ്ങളും മഴയിൽ നിലം പൊത്തിയിട്ടുണ്ട്. ബെലാഗാവിയിൽ മാത്രം ഏഴ് സ്‌കൂൾ കെട്ടിടങ്ങളാണ് തകർന്നത്. നാശനഷ്ടങ്ങളുടെ കണക്കെടുത്തതിന് ശേഷം റിപ്പോർട്ട് മന്ത്രിസഭയ്ക്ക് സമർപ്പിക്കും.

പുതിയ മന്ത്രിസഭ നിലവിൽ വരുന്നതോടെ നാശനഷ്ടങ്ങളുണ്ടായ ജില്ലകൾക്ക് കൂടുതൽ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷ. വടക്കൻ ജില്ലകളിലേയും വടക്കൻ കർണാടകത്തിലേയും പ്രളയസമാന സാഹചര്യം നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.