മൈസൂരു : കൊട്ടാരവും ചാമുണ്ഡിമലയും ഉൾപ്പെടെ മൈസൂരു നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കാണാൻ കഴിയുന്ന ഹെലികോപ്റ്റർ സവാരി ഇത്തവണത്തെ ദസറയ്ക്കുണ്ടാകില്ല. ഹെലികോപ്റ്റർ സവാരി റദ്ദാക്കിയ വിവരം വിനോദസഞ്ചാരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എച്ച്.ബി. രാഘവേന്ദ്ര സ്ഥിരീകരിച്ചു. ഇക്കുറി ലളിതമായി ദസറ ആഘോഷിക്കുന്നതിനാലാണ് സവാരി ഒഴിവാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.

ദസറയുടെ മുഖ്യ ആകർഷണമാണ് 2016-ൽ ആരംഭിച്ച ഹെലികോപ്റ്റർ സവാരി. ലളിതമഹൽ ഹെലിപ്പാഡിൽനിന്ന് പുറപ്പെടുന്ന ഹെലികോപ്റ്ററുകൾ 10 മുതൽ 15 വരെ മിനിട്ടുകൊണ്ട് നഗരമൊട്ടാകെ കറങ്ങും. പൈലറ്റിനു പുറമേ ആറുപേർക്ക് യാത്ര ചെയ്യാം. മൈസൂരു കൊട്ടാരം, ബസ് സ്റ്റാൻഡുകൾ, ചാമുണ്ഡിമല, ലളിതമഹൽ കൊട്ടാരം, കുക്കറഹള്ളി തടാകം, ക്രാഫോഡ് ഹാൾ, റെയിൽവേ സ്റ്റേഷൻ, ജഗൻമോഹൻ കൊട്ടാരം, കരഞ്ചി തടാകം, ദസറ എക്സിബിഷൻ മൈതാനി, മാനസഗംഗോത്രി കാമ്പസ് തുടങ്ങിയ സ്ഥലങ്ങൾ സവാരിയിലൂടെ കാണാൻ സാധിക്കും. 2017, 2018, 2019 വർഷങ്ങളിൽ വിജയകരമായി നടന്നുവന്ന സവാരി കോവിഡിനെത്തുടർന്ന് 2020-ലാണ് ആദ്യമായി നിർത്തിവെച്ചത്. കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ സവാരി നടത്തുന്നതിനോട് ഇത്തവണയും ജില്ലാഭരണകൂടത്തിനു താത്പര്യമില്ലെന്നാണ് വിവരം.

അതേസമയം, സ്വകാര്യ ചാർട്ടേഡ് ഹെലികോപ്റ്റർ കമ്പനികൾ വിനോദസഞ്ചാരകേന്ദ്രങ്ങളായ കബനി, ബന്ദിപ്പുർ, കുടക് എന്നീ സ്ഥലങ്ങളിലേക്ക് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന് സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിൽനിന്ന് കുടകിലേക്ക് അഞ്ചുയാത്രക്കാർക്ക് 2,24,000 രൂപയാണ് നിരക്ക്. 1.10 മണിക്കൂറാണ് യാത്രാസമയം.

ഗൺ സല്യൂട്ട് പരിശീലനം

മൈസൂരു : ദസറയാഘോഷവേളയിലെ വിജയദശമി ദിനത്തിൽ നടക്കുന്ന 21 ഗൺ സല്യൂട്ടിനുള്ള പരിശീലനം മൈസൂരു കൊട്ടാരത്തിൽ വ്യാഴാഴ്ച നടക്കും. വരാഹ ഗേറ്റിലാണ് പരിശീലനം. സിറ്റി പോലീസാണ് ഗൺ സല്യൂട്ട് നിർവഹിക്കുക. ദസറയ്ക്ക് സമാപനംകുറിച്ച് നടക്കുന്ന ജംബൂസവാരിക്ക് മുന്നോടിയായാണ് ഗൺ സല്യൂട്ട്. ഏഴു പീരങ്കികൾ ഉപയോഗിച്ച് മൂന്നുതവണയാണ് വെടിമുഴക്കുക.