ബെംഗളൂരു : ഭാരത ബന്ദിനോടനുബന്ധിച്ച് ക്രമസമാധാന പാലന ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാലിലൂടെ സമരക്കാരുടെ കാർ (എസ്.യു.വി.) കയറിയിറങ്ങി.

ബെംഗളൂരു നോർത്ത് ഡിവിഷൻ ഡി.സി.പി. ധർമേന്ദ്ര കുമാർ മീണയുടെ കാൽപ്പാദത്തിലൂടെയാണ് കാർ കയറിയിറങ്ങിയത്. ഉടൻതന്നെ മറ്റു പോലീസുകാർ സംഭവസ്ഥലത്ത് വെച്ച് പ്രാഥമിക ചികിത്സ നൽകി. ഡ്രൈവർ ഹരീഷ് ഗൗഡയെയും വാഹനവും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

സമരക്കാർ നഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ തുമകൂരു റോഡിലെ ഗൊരഗുണ്ടെപാളയ ജങ്‌ഷനിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു ഡി.സി.പി.യും പോലീസുകാരും. ഈ സമയം സമരക്കാരുടെ കാറെത്തിയത് തടയാൻ ശ്രമിച്ചപ്പോൾ ധർമേന്ദ്ര കുമാർ മീണയുടെ കാലിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഗ്ലാസുകളിൽ പോസ്റ്റർ പതിച്ചതിനാലാണ് സമരക്കാരുടെ കാറിലുണ്ടായിരുന്നവർ തന്നെ കാണാതിരുന്നതെന്നും കാൽപ്പാദത്തിന്റെ പകുതിയോളം ചക്രത്തിന്റെ അടിയിലായെന്നും മീണ പറഞ്ഞു.

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരതബന്ദിന് പിന്തുണയറിയിച്ച് കർണാടകത്തിലെ വിവിധ കന്നഡ സംഘടനകൾ രംഗത്തെത്തി.