ബെംഗളൂരു : കാർഷിക നിയമങ്ങൾക്കെതിരേ കർഷക സംഘടനകൾ ആഹ്വനംചെയ്ത ബന്ദ് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിച്ചില്ലെങ്കിലും ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ബെംഗളൂരുവിൽ കെ.ആർ. പുരത്തുനിന്ന് ടൗൺഹാളിലേക്കാണ് റാലി നടന്നത്. ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി., എ.ഐ.യു.ടി.യു.സി., എ.ഐ.ഡി.എസ്.ഒ., എ.ഐ.വൈ.എഫ്. ഉൾപ്പെടെയുള്ള സംഘടനകളും കന്നഡ അനുകൂല സംഘടനാപ്രവർത്തകരും പ്രതിഷേധത്തിൽ അണിചേർന്നു.

കേന്ദ്രസർക്കാരിനെതിരേ മുദ്രവാക്യങ്ങളുയർത്തിയും പ്ലക്കാർഡുയർത്തിയുമായിരുന്നു പ്രതിഷേധം. വിവിധ സംഘടനാ പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി സൗജന്യമായി പച്ചക്കറികൾ വിതരണം ചെയ്തു. ഇതിനിടെ റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

ട്രാക്ടറുകളിലും കാളവണ്ടികളിലുമെത്തിയായിരുന്നു പ്രതിഷേധം. സംസ്ഥാനപാതകളും ദേശീയപാതകളും ഉപരോധിക്കാനുള്ള കർഷകരുടെ ശ്രമത്തെ പോലീസ് ഇടപെട്ട് തടഞ്ഞു. ബെലഗാവി, ബീദർ, മാണ്ഡ്യ ഉൾപ്പെടെയുള്ള ജില്ലകളിലും ശക്തമായ പ്രതിഷേധമാണ് നടന്നത്. കോൺഗ്രസിനും ഇടതുപാർട്ടികൾക്കും എ.എ.പി.ക്കുമൊപ്പം ജെ.ഡി.എസും ബന്ദിനെ പിന്തുണച്ചു.

എ.എ.പി. പ്രവർത്തകർ ഹുബ്ബള്ളി ചന്നമ്മ സർക്കിളിൽ ഐക്യദാർഡ്യറാലി സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരും വിവിധ ജില്ലകളിൽ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിച്ചു. വ്യാപാരികളുടേയും ഡ്രൈവർമാരുടേയും സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.

ബെംഗളൂരുവിൽ ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂനിയനും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണ നടത്തി.

അതേസമയം ചിലസംഘടനകൾ ബന്ദിന് ധാർമിക പിന്തുണ നൽകിയെങ്കിലും പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിന്നു. അസോസിയേറ്റഡ് മാനേജ്‌മെന്റ്‌സ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഇൻ കർണാടക (കെ.എ.എം.എസ്.) , പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ, ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂനിയൻ, ഹോട്ടൽ ഉടമകളുടെ സംഘടനകൾ എന്നിവരാണ് കോവിഡ് സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി നേരിട്ട് പ്രതിഷേധത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

ഒരുക്കിയത് കനത്ത സുരക്ഷ

ഭാരത് ബന്ദിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തിലൊരുക്കിയത്. ജില്ലാകേന്ദ്രങ്ങളിലും കർഷക സംഘടനകൾക്ക് സ്വാധീനമുള്ള മേഖലകളിലും കൂടുതൽ സുരക്ഷാ സംവിധാനമൊരുക്കണമെന്ന് ജില്ലാ പോലീസ് മേധാവികൾക്ക് ഡി.ജി. ആൻഡ് ഐ.ജി.പി. നിർദേശം നൽകിയിരുന്നു. ബെംഗളൂരുവിൽ മാത്രം 4,000-ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചത്.

മൈസൂരുവിൽ തണുത്ത പ്രതികരണം

മൈസൂരു : കർഷകസംഘടനകൾ നടത്തിയ ഭാരത്‌ ബന്ദ് മൈസൂരുവിനെ കാര്യമായി ബാധിച്ചില്ല. വാണിജ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർസ്വകാര്യ ഓഫീസുകൾ തുടങ്ങിയവ പതിവുപോലെ പ്രവർത്തിച്ചു. ബന്ദിന്റെ ഭാഗമായി പ്രതിഷേധറാലികളും യോഗങ്ങളും നടന്നു. ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏതാനും കടകൾ മാത്രമാണ് അടച്ചിട്ടത്.

കെ.ആർ. സർക്കിൾ, ഡി.ഡി. അരശ് റോഡ്, മക്കാജി ചൗക്ക്, ഗാന്ധി സ്‌ക്വയർ, ഓൾഡ് ബാങ്ക് റോഡ്, ശിവരാമപേട്ട് തുടങ്ങിയയിടങ്ങളിൽ ഭൂരിഭാഗം കടകളും തുറന്നുപ്രവർത്തിച്ചു. കർണാടക ആർ.ടി.സി., സ്വകാര്യ ബസുകൾ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവ പതിവുപോലെ സർവീസ് നടത്തി. സ്കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, കേന്ദ്രസംസ്ഥാന സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ ബങ്കുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയും തടസ്സമില്ലാതെ പ്രവർത്തിച്ചു. നഗരത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളും ക്ഷേത്രങ്ങളും തുറന്നിരുന്നു. സംസ്ഥാനത്ത് പ്രതിപക്ഷമായ കോൺഗ്രസും ജെ.ഡി.എസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ട്രേഡ് യൂണിയനുകൾ, ദളിത് സംഘടനകൾ എന്നിവയും പിന്തുണനൽകിയിരുന്നു.

ബന്ദിന്റെ ഭാഗമായി സി.പി.ഐ., എ.ഐ.ടി.യു.സി., കെ.ആർ.ആർ.എസ്., ഡി.എസ്.എസ്., ഐ.എൻ.ടി.യു.സി., എ.എ.പി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധറാലികൾ നടന്നു.

ടൗൺ ഹാളിൽനിന്ന് സബർബൻ ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ പ്രവേശനകവാടവും പുറത്തേക്കുള്ള കവാടവും ഉപരോധിച്ചു.

ഇതേത്തുടർന്ന് ഏതാനും മണിക്കൂർ നേരത്തേക്ക് കെ.എസ്.ആർ.ടി.സി. സർവീസ് തടസപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന വൻപോലീസ് സംഘം ഇടപെട്ട് ഇവരെ ടൗൺ ഹാളിലേക്ക് തിരിച്ചയച്ചു.

തുടർന്ന് ഡി.സി. ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി രാമസ്വാമി സർക്കിളിൽവെച്ച് പോലീസ് തടഞ്ഞു. കർണാടക സംസ്ഥാന കരിമ്പ് ഉത്പാദക അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുസംഘം കർഷകർ ഡി.സി. ഓഫീസിലേക്ക് മാർച്ച് നടത്തി. ഇവരെ മൈസൂരു-നഞ്ചൻകോട് റോഡിലെ ഗണപതി സച്ചിദാനന്ദ ആശ്രമത്തിനുസമീപത്ത് പോലീസ് തടഞ്ഞു. ഇതോടെ ഒരുമണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി.