ബെംഗളൂരു : തുമകൂരു ചിക്കനായകനഹള്ളി താലൂക്കിലെ കുപ്പുരു ഗദ്ദുഗെ സംസ്തന മഠാധിപതിയായി 13 വയസ്സുകാരനെ നിയമിച്ചു. കഴിഞ്ഞദിവസം അന്തരിച്ച മഠാധിപതി യതീശ്വര ശിവാചാര്യ സ്വാമിയുടെ പിൻഗാമിയായാണ് അനന്തരവനായ എട്ടാം ക്ലാസുകാരൻ തേജസ് ദേവരുവിനെ നിയമിച്ചത്. യതീശ്വര ശിവാചാര്യ സ്വാമിയുടെ ആഗ്രഹപ്രകാരമാണിത്. 500 വർഷത്തിലേറെ പഴക്കമുള്ള വീരശൈവ മഠത്തിന്റെ അധിപനായാണ് തേജസ് ദേവരുവിനെ നിയമിച്ചതെന്ന് മന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു.

മഠത്തിലെ മഹേഷ്-കാന്തമണി ദമ്പതിമാരുടെ ഇളയമകനായ തേജസ്, ഹാസൻ കാമസമുദ്രയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ്. 500 വർഷത്തിലേറെയായി ഒരേ കുടുംബത്തിലുള്ളവരാണ് മഠാധിപതികളാകുന്നത്. കോവിഡിനെത്തുടർന്ന് തുമകൂരു സിദ്ധഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ച യതീശ്വര ശിവാചാര്യ സ്വാമി ശനിയാഴ്ച രാത്രിയാണ് മരിച്ചത്.