ബെംഗളൂരു : സംസ്ഥാനത്ത് 282 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവർ 29,86,835 ആയി. 38,037 പേരാണ് ഇതുവരെ മരിച്ചത്. 349 പേർ കൂടി സുഖംപ്രാപിച്ചതോടെ ആകെ സുഖംപ്രാപിച്ചവർ 29,40,339 ആയി. 8,430 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.24 ശതമാനമാണ്. മരണനിരക്ക് 4.60 ശതമാനവും. 1,17,351 പേരെ പരിശോധിച്ചപ്പോഴാണിത്.

സംസ്ഥാനത്തെ ഒമ്പതുജില്ലകളിൽ പുതിയരോഗികളില്ല. ഗദഗിൽ പുതിയ രോഗം റിപ്പോർട്ടു ചെയ്യാത്തതിനുപുറമെ ചികിത്സയിലും ആരുമില്ല. ബെംഗളൂരുവിൽ പുതുതായി 142 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവർ 12,51,155 ആയി. 174 പേർ സുഖം പ്രാപിച്ചു. സുഖംപ്രാപിച്ചവർ ആകെ 12,28,469 ആയി. ആറുപേർകൂടി മരിച്ചതോടെ ആകെ മരിച്ചവർ 16,259-ലെത്തി. 6,426 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ മൂന്നുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൈസൂരുവിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു. കുടകിൽ 31 പേർക്കും മാണ്ഡ്യയിൽ അഞ്ചുപേർക്കും ഉഡുപ്പിയിൽ രണ്ടുപേർക്കും രോഗംസ്ഥിരീകരിച്ചു. ഹാസനിൽ 18 പേർക്ക് രോഗംബാധിച്ചു. ഒരാൾ മരിച്ചു. ദക്ഷിണ കന്നഡയിൽ 28 പേർക്ക് രോഗംബാധിച്ചു. മൂന്നുപേർ മരിച്ചു. തുമകൂരുവിൽ ഒമ്പത് പേർക്ക് രോഗം ബാധിച്ചു. ഒരാൾ മരിച്ചു.

സ്വകാര്യ ലാബുകളിലെ ആർ.ടി.പി.സി.ആർ. നിരക്ക് കുറച്ചു

ബെംഗളൂരു : സംസ്ഥാനത്തെ സ്വകാര്യ ലബോറട്ടറികളിൽ ആർ.ടി.പി.സി.ആർ. പരിശോധനാനിരക്ക് 800 രൂപയിൽനിന്ന്‌ 500 രൂപയാക്കി കുറച്ചു. കഴിഞ്ഞ ഡിസംബറിൽ പരിശോധനയ്ക്ക് 800 രൂപയാക്കി സർക്കാർ നിജപ്പെടുത്തിയിരുന്നു. വിവിധ പരിശോധനകളുടെ നിരക്കുകൾ നിജപ്പെടുത്തി കഴിഞ്ഞയാഴ്ച സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നിരക്ക് 500-രൂപയാക്കി കുറച്ചത്. സർക്കാർ ആശുപത്രിയിൽനിന്ന്‌ സാംപിൾ റഫർ ചെയ്ത് സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചാൽ 400 രൂപയായിരിക്കും നിരക്ക്. റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് 400 രൂപയാണ് നിരക്ക്. വീടുകളിലെത്തി സാംപിൾ എടുക്കുന്നതിന് സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും 250 രൂപ ഈടാക്കാം. ഇത് നേരത്തെ 400 രൂപയായിരുന്നു.