ബെംഗളൂരു : കർണാടകത്തിൽ പുതിയ ആശങ്കയുയർത്തി കൊറോണ വൈറസിന്റെ പുതിയ വകഭേദം. ഡെൽറ്റ വൈറസിന്റെ എ.വൈ.4.2 വകഭേദം സംസ്ഥാനത്ത് ഏഴു രോഗികളിൽ കണ്ടെത്തി. ഇതിൽ മൂന്നുപേർ ബെംഗളൂരുവിലും നാലുപേർ മറ്റു ജില്ലകളിലുമാണെന്നും ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർ ഡി. റൺദീപ് അറിയിച്ചു. മൂന്നുപേരിൽ ബുധനാഴ്ചയാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്.

കൂടുതൽ വ്യാപനശേഷിയുണ്ടെന്നു കരുതുന്ന എ.വൈ. 4.2 വകഭേദം സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ വിദേശത്തു നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനു മുമ്പുള്ള ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി റൺദീപ് പറഞ്ഞു. ബ്രിട്ടൻ ഉൾപ്പെടെ കോവിഡ് വ്യാപനം കൂടിവരുന്ന ഒമ്പത് രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇവർ ഏഴു ദിവസം താമസസ്ഥലത്ത് നിരീക്ഷണത്തിൽ കഴിയണം. കർണാടകത്തിൽ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിയിരുന്നു.

പൊതുസ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമാക്കും

നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഉത്തരവ്

ബെംഗളൂരു : സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശം. കോവിഡ് വ്യാപനംകുറഞ്ഞസ്ഥിതി നിലനിർത്താൻ വേണ്ടിയാണിത്. ഇത് നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്താൻ പബ്ലിക് ഓഫീസുകളിൽ നോഡൽ ഓഫീസർമാരെ നിയമിക്കാൻ ചീഫ് സെക്രട്ടറി ബുധനാഴ്ച ഇറക്കിയഉത്തരവിൽ നിർദേശിച്ചു. ഓഫീസിലുള്ള ഒരാളെ ഇതിന് നിയോഗിക്കണം. പ്രവർത്തനസമയത്ത് മറ്റുജീവനക്കാരും സന്ദർശകരും കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിൽ വീഴ്ചവരുത്തുന്നവരുടെപേരിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിൽപറയുന്നു. സംസ്ഥാന കോവിഡ് സാങ്കേതിക സമിതിയോഗത്തിന്റെ തീരുമാനപ്രകാരമാണ് ഉത്തരവ്.