ബെംഗളൂരു : വാണിജ്യസ്ഥാപനങ്ങളിലെയും വ്യവസായ ശാലകളിലെയും ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയ സർക്കാർതീരുമാനം ചോദ്യംചെയ്തുള്ള ഹർജിക്കെതിരേ കർണാടക ഹൈക്കോടതി. വാക്സിൻ സ്വീകരിക്കുന്നകാര്യത്തിൽ ഹർജിനൽകി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരാതി പിൻവലിച്ചില്ലെങ്കിൽ കനത്തപിഴ ഈടാക്കിക്കൊണ്ട് ഹർജി റദ്ദാക്കേണ്ടിവരുമെന്നും കോടതിവ്യക്തമാക്കി. ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയ ബി.ബി.എം.പി.യുടെ ഉത്തരവിനെ ചോദ്യംചെയ്ത് അഡ്വ. സയ്യിദ് ഷുജാത് മെഹ്ദി ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയത് ശരിയല്ലെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ വാക്സിനേഷൻ കാമ്പയിൻ നടക്കുന്നത് പൊതുജനങ്ങളുടെ ആരോഗ്യംലക്ഷ്യമിട്ടാണെന്ന് കോടതി പറഞ്ഞു. താങ്കൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകനെന്നനിലയിൽ ഇതുചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒടുവിൽ ഹർജി പിൻവലിക്കാൻ അഭിഭാഷകൻ സമ്മതിച്ചു.