ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽമോചിതയായ എ.ഐ.എ.ഡി.എം.കെ. മുൻ ജനറൽസെക്രട്ടറി വി.കെ. ശശികല പരപ്പന അഗ്രഹാര ജയിലിലും വിവാദങ്ങളുടെ തോഴിയായിരുന്നു. ജയിൽവാസത്തിന്റെ ആദ്യനാളുകളിൽ ശശികലയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു ഇതുസംബന്ധിച്ച് അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട്.
ജയിലിൽ ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നത് പുറത്തുകൊണ്ടുവന്നത് അന്നത്തെ ജയിൽ ഡി.ഐ.ജി. ആയിരുന്ന ഡി. രൂപയാണ്. ശശികലയ്ക്കും ബന്ധു ഇളവരശിക്കും പാചകം ചെയ്യുന്നതിനടക്കം സൗകര്യങ്ങൾ ജയിലിൽ ഏർപ്പെടുത്തിയതായും പ്രത്യേക സൗകര്യമൊരുക്കാൻ ജയിൽ അധികൃതർക്ക് ശശികല രണ്ടുകോടി രൂപ കൈക്കൂലി നൽകിയെന്നും ആരോപണമുയർന്നു. ജയിൽവസ്ത്രങ്ങൾക്ക് പകരം ശശികലയും ഇളവരശിയും സാധാരണവസ്ത്രങ്ങൾ ധരിച്ച് കൈയിൽ സഞ്ചിയുമായി ജയിലിലേക്ക് വരുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതും വിവാദമായി.
ജയിലിന്റെ പ്രധാനകവാടത്തിലും ഗേറ്റുകൾക്കിടയിലും സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ശശികല ചുരിദാർ ധരിച്ചാണ് കാണപ്പെട്ടത്. ഹൊസൂരിലുള്ള എ.ഐ.എ.ഡി.എം.കെ. എം.എൽ.എ. യുടെ വീട്ടിൽ ശശികല ഒന്നിലധികം തവണ പോയതായി ഡി. രൂപ അഴിമതിവരുദ്ധ ബ്യൂറോയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. അന്ന് ജയിൽ മേധാവിയായിരുന്ന സത്യനാരായണ റാവുവിനെ സ്വാധീനിച്ചാണ് ശശികല സുഖജീവിതം നയിക്കുന്നതെന്ന് ഡി. രൂപ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.
തുടർന്ന് അഴിമതി നിരോധന ബ്യൂറോയോട് അന്വേഷിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. സർക്കാർ നിയോഗിച്ച അന്വേഷണകമ്മിഷനും ഡി. രൂപയുടെ കണ്ടെത്തലുകൾ ശരിവെച്ചു. വിവാദം രൂക്ഷമായപ്പോൾ ആരോപണം ഉന്നയിച്ച രൂപയെയും ജയിൽ ആരോപണ വിധേയനായ മേധാവിയെയും സർക്കാർ സ്ഥലം മാറ്റുകയായിരുന്നു.
കന്നഡ പഠിച്ച് ശശികല
:കന്നഡപഠിച്ചും പൂന്തോട്ട നിർമാണത്തിലേർപ്പെട്ടുമാണ് ശശികല ജയിലിൽ സമയം ചെലവഴിച്ചത്. ജയിൽച്ചട്ടപ്രകാരം തടവുകാർക്ക് താത്പര്യമുണ്ടെങ്കിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാനാകും.
പൂന്തോട്ടമൊരുക്കുന്നതിനൊപ്പം കൗരകൗശലവസ്തുക്കളുണ്ടാക്കാനും ശശികല ശ്രമിച്ചു. ജയിലിൽ വയോജന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് കന്നഡ പഠിച്ചത്. കന്നഡ അക്ഷരമാല പഠിച്ച ശശികല കന്നഡ വായിക്കാനും സംസാരിക്കാനും പഠിച്ചു. ഒപ്പം ശിക്ഷയനുഭവിച്ച ബന്ധുവായ ജെ. ഇളവരശിയും കന്നഡക്ലാസുകളിൽ ശശികലയ്ക്ക് കൂട്ടായുണ്ടായിരുന്നു.