ബെംഗളൂരു : റോഡിൽ ഉറങ്ങുകയായിരുന്ന തെരുവുനായയുടെ മുകളിലൂടെ കാർ ഓടിച്ചുകയറ്റിയതിന് റിട്ട. എസ്.ഐ.യുടെ പേരിൽ പോലീസ് കേസെടുത്തു. പത്തുവർഷം മുമ്പ് വിരമിച്ച നാഗേഷയ്യയും മകനും സഞ്ചരിച്ച കാറാണ് നായയുടെ മുകളിലൂടെ കയറ്റിയത്.
ഗുരുതരമായി പരിക്കേറ്റ നായ വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ്. സൗത്ത് ബെംഗളൂരുവിലെ ഹുളിമാവ് ദൊഡ്ഡകമ്മനഹള്ളിയിലാണ് സംഭവം. നായ റോഡിൽ കിടന്നുറങ്ങുന്നത് കണ്ടിട്ടും വാഹനംനിർത്താതെ മുന്നോട്ടെടുത്തപ്പോൾ കാറിന്റെ മുൻവശത്തെ ഇടതുചക്രം കയറിയിറങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നായയുടെ മുകളിലൂടെ കാർ കയറിയിറങ്ങിയിട്ടും നാഗേഷയ്യ നിർത്താതെ പോയതായി സമീപത്തെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽനിന്ന് മനസ്സിലായി. കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ മുറിവേറ്റ നായയെ വെറ്ററിനറി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാൽ, നായയുടെ മുകളിലൂടെ കാർ കയറ്റിയത് മനഃപൂർവമല്ലെന്ന് നാഗേഷയ്യ പറഞ്ഞു.