ബെംഗളൂരു : അയോധ്യയിലെ ശ്രീരാമക്ഷേത്രനിർമാണത്തിന് കർണാടകത്തിൽനിന്ന് ഗ്രാനൈറ്റ് കല്ലുകൾ. രണ്ടടി വീതിയും നാലടി ഉയരവുമുള്ള പതിനായിരം ഗ്രാനൈറ്റുകൾ ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിയിൽനിന്ന് അയോധ്യയിലെത്തും.

ഇതിന്റെ ആദ്യഘട്ടമായി ദേവനഹള്ളിയിലെ സാദഹള്ളി ഗ്രാമത്തിൽനിന്ന് ഗ്രാനൈറ്റുമായി അഞ്ചു ലോറികൾ പുറപ്പെട്ടു. എട്ടുദിവസംകൊണ്ട് അയോധ്യയിലെത്തും.

പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥസ്വാമി, കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്തലജെ, ബി.ജെ.പി. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബി.എൽ. സന്തോഷ്, ബെംഗളൂരു വികസന അതോറിറ്റി ചെയർമാൻ എസ്.ആർ. വിശ്വനാഥ് എന്നിവർ ചേർന്ന് ലോറികൾ യാത്രയാക്കി.

സ്വാമി വിവേകാനന്ദ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ പ്രത്യേകപൂജയും നടന്നു. ബാക്കി ഗ്രാനൈറ്റുകൾ ആറു മാസത്തിനുള്ളിലെത്തിക്കാനാണ് ലക്ഷ്യം.

ക്ഷേത്രത്തിന്റെ അസ്ഥിവാരമുറപ്പിക്കാനാണ് ഗ്രാനൈറ്റുകൾ ഉപയോഗിക്കുന്നത്.

ക്ഷേത്രത്തിനുവേണ്ട രണ്ടുലക്ഷത്തോളം കല്ലുകൾ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽനിന്നായി ശേഖരിച്ചിരുന്നു.

2023-ൽ ക്ഷേത്രനിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറക്കാനാണ് ലക്ഷ്യം. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലയിട്ടത്.