ബെംഗളൂരു : കോവിഡ് വ്യാപനം കുറഞ്ഞതോടെ ബസുകളിൽ യാത്രക്കാർ വർധിച്ച സാഹചര്യത്തിൽ മുഴുവൻ നോൺ എ.സി. ബസുകളും നിരത്തിലിറക്കാൻ ബി.എം.ടി.സി. ലോക്ഡൗണിന് ശേഷം ബി.എം.ടി.സി.യുടെ 100 എ.സി. ബസുകൾ ഉൾപ്പെടെ 5100 ബസുകളാണ് സർവീസ് നടത്തുന്നത്. ഇത് 5,500 ആക്കുകയാണ് ലക്ഷ്യം.

കൂടുതൽ ബസുകൾ നിരത്തിലിറക്കിയാൽ ഘട്ടം ഘട്ടമായി വരുമാന വർധനയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബസ് സർവീസ് വീണ്ടും തുടങ്ങിയ സമയത്ത് 1.5 കോടി രൂപമാത്രമായിരുന്നു പ്രതിദിനവരുമാനം. എന്നാൽ നിലവിൽ ശരാശരി വരുമാനം 2.9 കോടി രൂപയാണ്. കോവിഡ് കാലത്തിനുമുമ്പ് അഞ്ചുകോടിയായിരുന്നു ബി.എം.ടി.സി.യുടെ പ്രതിദിനവരുമാനം.

അധികം ബസുകളില്ലാത്ത പ്രദേശങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുക. ഇത്തരം റൂട്ടുകളുടെ പട്ടിക ബി.എം.ടി.സി. നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. ചില ബസുകൾ മെട്രോ ഫീഡർ സർവീസുകളായും നിരത്തിലിറക്കും.

യാത്രക്കാരെ ആകർഷിക്കാനുള്ള വിവിധ പദ്ധതികളും തയ്യാറാക്കും. നിലവിൽ ബി.എം.ടി.സി.യുടെ ചില ജീവനക്കാർ കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കോർപ്പറേഷനും ആരോഗ്യവകുപ്പിനും വേണ്ടി ജോലിചെയ്യുന്നുണ്ട്. ഇവരെ ഉടൻ തിരിച്ചുവിളിക്കും.

അതേസമയം ഡീസൽ വില വർധനയും ഏറെക്കാലം നിർത്തിയിടേണ്ടിവന്നതിനാൽ ബസുകൾക്ക് വേണ്ടിവരുന്ന അറ്റകുറ്റപ്പണിയും ബി.എം.ടി.സി.ക്ക് വലിയ ബാധ്യതയാണ്. എ.സി. ബസുകൾക്ക് ഓയിൽ മാറ്റാൻ 40,000 രൂപവേണം. ചില ബസുകളുടെ ബാറ്ററിയും മാറ്റേണ്ടതുണ്ട്.

ഈ തുക കണ്ടെത്താൻ സർക്കാരിൽനിന്ന് കൂടുതൽ സഹായം ലഭ്യമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

നവംബർ ഒന്നുമുതൽ വൈദ്യുതി ബസുകളും നിരത്തിലിറങ്ങാനൊരുങ്ങുകയാണ്. ഡീസൽബസുകളേക്കാൾ ഇത്തരം ബസുകൾ ലാഭകരമാണെന്നാണ് കണ്ടെത്തൽ. ഇതോടെ ബി.എം.ടി.സി.യുടെ വരുമാനത്തിൽ വർധനയുണ്ടാകും.