മൈസൂരു : കനത്തമഴയെത്തുടർന്ന് നഗരത്തിലെ ബോഗാധി തടാകത്തിന്റെ അരിക് തകർന്ന് ജലം പുറത്തേക്കൊഴുകി

ഒട്ടേറെ വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.

തടാകത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗത്തായി രണ്ടിടങ്ങളിലാണ് അരിക് തകർന്നത്. ബോഗാധി സിഗ്നൽ സർക്കിളിൽനിന്ന് റിങ്ങ് റോഡിലേക്കുള്ള പാതയിൽ കനത്ത വെള്ളക്കെട്ടാണുണ്ടായത്. റോഡിൽ മുട്ടറ്റം വെള്ളമുയർന്നതോടെ ഗതാഗതം പ്രതിസന്ധിയിലായി.

വെള്ളത്തിന്റെ ശക്തിയായ ഒഴുക്ക് കാരണം ഇരുചക്രവാഹനയാത്രികർ ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നുപോയത്.

വിവരമറിഞ്ഞ ഉടൻ കൂവെംപുനഗർ പോലീസ് സ്ഥലത്തെത്തി ഇരുചക്രവാഹനയാത്രികരെയും സൈക്കിൾ യാത്രികരെയും ഇവിടേക്ക് പ്രവേശിക്കുന്നത് വിലക്കി.

എന്നാൽ, ജലവകുപ്പ്, പൊതുമരാമത്തുവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരോ താലൂക്ക് അധികൃതരോ ജനപ്രതിനിധികളോ 12 മണി വരെ സംഭവസ്ഥലത്ത് എത്തിയിരുന്നില്ല.

മഴയെത്തുടർന്ന് നഗരത്തിന്റെ വിവിധയിടങ്ങളിൽ നാശനഷ്ടമുണ്ടായി.

ചാമുണ്ഡിപുരം, കൃഷ്ണമൂർത്തിപുരം, വിജയനഗർ രണ്ടാംസ്റ്റേജ്, ശ്രീരാമപുര മൂന്നാംസ്റ്റേജ് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു.

അശ്വനി ചൗൾട്ടറി, ദേവയ്യഹനഹുണ്ഡി മെയിൻ റോഡ്, കൂവെംപുനഗർ എം-ബ്ലോക്ക്, ഐശ്വര്യ ലേഔട്ട്, സൂര്യ ലേഔട്ട്, കല്യാൺഗിരി, ബന്നിമണ്ഡപ് എന്നിവിടങ്ങളിലെ നൂറോളം വീടുകളിൽ വെള്ളം കയറി.