ബെംഗളൂരു : ജനകീയനായ മുഖ്യമന്ത്രിയെന്ന പേരുമായാണ് ബി.എസ്. യെദ്യൂരപ്പ മന്ത്രിസഭയുടെ നേതൃസ്ഥാനമൊഴിയുന്നത്. 78-ാം വയസ്സിലും ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.സാധാരണക്കാർക്ക് പ്രിയപ്പെട്ടവനായി. തീവ്രനിലപാടുകളില്ലാത്ത ബി.ജെ.പി. നേതാവായാണ് യെദ്യൂരപ്പയെ ജനം വിലയിരുത്തുന്നത്.

കോവിഡ് വ്യാപനം ആഞ്ഞടിച്ച സമയത്ത് ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലും സൗകര്യങ്ങൾ വിലയിരുത്താൻ നേരിട്ടെത്തി. കോവിഡ് കാലത്ത് നഗരത്തിലെ കച്ചവടക്കാരുടെ പ്രശ്നങ്ങളന്വേഷിച്ച് കച്ചവടകേന്ദ്രങ്ങളിലെത്തിയതും ശ്രദ്ധ പിടിച്ചുപ്പറ്റി. ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും നിരന്തരം ചർച്ചകൾ നടത്തി. ഒരുവിഭാഗം പാർട്ടി എം.എൽ.എ.മാർ കലാപവുമായി നിൽക്കുമ്പോഴും അതിനെ അവഗണിച്ച് ഔദ്യോഗിക പ്രവർത്തനങ്ങളിൽ മുഴുകുന്നത് കാണാമായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് അവധി നൽകിയില്ല. ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ ചർച്ചകൾ നടത്തി അടിയന്തര തീരുമാനങ്ങളെടുത്തു.

രാഷ്ട്രീയത്തിലെ അതികായനായിരുന്നെങ്കിലും എല്ലാ വിഭാഗം ജനങ്ങളോടും അദ്ദേഹം ഒരു പോലെ ഇടപെടാൻ ശ്രമിച്ചിരുന്നു. കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കളോട് രാഷ്ട്രീയത്തിനപ്പുറമുള്ള അടുപ്പം സൂക്ഷിക്കുന്നയാളാണ് യെദ്യൂരപ്പ. മലയാളികളോടും മലയാളി സംഘടനകളോടും അടുപ്പം പുലർത്തിയ മുഖ്യമന്ത്രികൂടിയായിരുന്നു. കേരളത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്നത് പതിവായിരുന്നു. ശബരിമലയിൽ കർണാടകത്തിൽ നിന്നുള്ള ഭക്തർക്ക് സൗകര്യം ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചൊലുത്തി. മലയാളികളുടെ ഏത് ആവശ്യത്തിനും സമീപിക്കാവുന്ന മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ.

മലയാളികളുടെ കാര്യത്തിൽ യെദ്യൂരപ്പയെ സമീപിച്ചാൽ അനുകൂലമായി പ്രതികരിക്കുന്നതായിരുന്നു അനുഭവമെന്ന് ബെംഗളൂരു കേരളസമാജം പ്രസിഡന്റ് റെജികുമാർ പറഞ്ഞു. 2011-ൽ യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളഭവൻ നിർമിക്കാനായി സ്ഥലം ആവശ്യപ്പെട്ടത്. അനുഭാവപൂർവം പരിഗണിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശം നൽകുകയുമുണ്ടായി. പിന്നീട് മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഒഴിയേണ്ടി വന്നതിനാൽ പദ്ധതി നടപ്പായില്ല. ഒരു വിസിറ്റിങ് കാർഡ് കൊടുത്തയച്ചാൽപോലും കാണാൻ അവസരം തരുന്ന മുഖ്യമന്ത്രിയാണദ്ദേഹം.-റെജികുമാർ പറഞ്ഞു.

മലയാളി സംഘടനകളെ യെദ്യൂരപ്പ പ്രത്യേകം പരിഗണിച്ചിരുന്നതായി ബെംഗളൂരു കെ.എം.സി.സി. ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് പറഞ്ഞു. കെ.എം.സി.സി. യുടെ ചാരിറ്റി പ്രവർത്തനത്തിന് അദ്ദേഹം സർക്കാർ ഫണ്ട് അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.