ബെംഗളൂരു : നാലുമാസത്തിനുശേഷം സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര, എൻജിനിയറിങ്, പോളിടെക്‌നിക് കോളേജുകളിൽ നേരിട്ടുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു. വാക്സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചശേഷം തെർമൽ സ്കാനിങ് നടത്തിയാണ് വിദ്യാർഥികളെ ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത വിദ്യാർഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയുമാണ് കോളേജുകളിൽ പ്രവേശിപ്പിക്കുന്നത്. മറ്റുള്ളവർക്ക് വാക്സിനെടുക്കുന്നതുവരെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. നേരിട്ടുള്ള ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർക്കും ഓൺലൈൻ ക്ലാസിൽ തുടരാം.

18 വയസ്സിന് മുകളിലുള്ള കോളേജ് വിദ്യാർഥികളിൽ 74ശതമാനത്തിലധികം പേരും ഇതിനോടകം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗ നിർദേശവും കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്നു. രോഗ ലക്ഷണമുള്ള വിദ്യാർഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് കോവിഡ് പരിശോധന നടത്തണമെന്നും ക്ലാസ് മുറികളിലെ ഫർണിച്ചറും ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്. ഒരോ ക്ലാസിലും പ്രവേശിപ്പിക്കുന്ന വിദ്യാർഥികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.