ബെംഗളൂരു : ചാമരാജ്‌പേട്ടിലെ സ്വകാര്യ ഗോഡൗണിൽ പോലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 16 ഗ്യാസ് സിലിൻഡറുകൾ പിടിച്ചെടുത്തു. വാണിജ്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന 40 കിലോഗ്രാം ഭാരമുള്ള സിലിൻഡറുകളാണ് പിടിച്ചെടുത്തത്. വിവിധ സ്ഥാപനങ്ങളിൽ വിതരണംചെയ്യാനുള്ള സിലിൻഡറുകളാണിതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തിൽ ഗോഡൗൺ ഉടമയ്‌ക്കെതിരേ കേസെടുത്തു.

വ്യാഴാഴ്ച ചാമരാജ്‌പേട്ടിലെ ചരക്ക് ലോറി സർവീസ് സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ച സാഹചര്യത്തിലാണ് നഗരത്തിലെ ഗോഡൗണുകളിൽ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. ചാമരാജ് നഗറിലെയും കെ.ആർ. മാർക്കറ്റിലെയും ഒട്ടേറെ ഗോഡൗണുകൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും പോലീസ് പരിശോധിച്ചു. ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങൾ സംഭരിച്ച ഗോഡൗണുകളിലെ സുരക്ഷാ സംവിധാനവും പോലീസ് വിലയിരുത്തി.

മതിയായ രേഖകളില്ലാതെയും സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന ഗോഡൗണുകൾക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് കോർപ്പറേഷന്റെ നിർദേശം. കെ.ആർ. മാർക്കറ്റ് ഉൾപ്പെടെയുള്ള ജനത്തിരക്കേറിയ കേന്ദ്രങ്ങളിൽ ഒട്ടേറെ ഗോഡൗണുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ രേഖകളിൽ കാണിക്കുന്നതിൽനിന്ന് വ്യത്യസ്തമായി അനുമതിയില്ലാത്ത വസ്തുക്കൾ പോലും ഇവിടെ സൂക്ഷിക്കുന്ന സാഹചര്യമാണുള്ളത്. പടക്കം മുതൽ പെട്രോളിയം ഉത്പന്നങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും.

വരും ദിവസങ്ങളിലും ഗോഡൗണുകളിൽ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. അനധികൃതമായി സൂക്ഷിക്കുന്ന വസ്തുക്കൾ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

ഗോഡൗണിലെ സ്ഫോടനം: ഒരാൾകൂടി മരിച്ചു

മരണം മൂന്നായി

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ ചാമരാജ്‌പേട്ടിൽ ചരക്കുലോറി സർവീസ് സ്ഥാപനത്തിന്റെ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. ഗോഡൗണിന് തൊട്ടടുത്ത് കച്ചവടം നടത്തിവന്ന രംഗസ്വാമി എന്ന അഞ്ജി സ്വാമിയാണ് (75) മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരണം മൂന്നായി. 60 ശതമാനത്തിലധികം പൊള്ളലേറ്റ രംഗസ്വാമി വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിരക്കേറിയ വാണിജ്യ കേന്ദ്രമായ ചാമരാജ് പേട്ടിലെ രായൻ സർക്കിളിന്‌ സമീപമുള്ള ഗോഡൗണിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയാണ് സ്ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ചുവെച്ചിരുന്ന പടക്കങ്ങൾ നിറച്ച പെട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ഗോഡൗണിന്റെ മുൻഭാഗത്ത് സൂക്ഷിച്ച പെട്ടിയാണ് പൊട്ടിത്തെറിച്ചത്. ഇതിന്റെ സമീപത്തുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അസ്ലം പാഷ (45), മനോഹർ (29) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇവരുടെ ശരീരം ചിതറിത്തെറിച്ചു.

ദീപാവലി ആഘോഷം മുന്നിൽക്കണ്ട് ഗോഡൗണിൽ അനധികൃതമായി ഉഗ്രശക്തിയുള്ള പടക്കങ്ങൾ സൂക്ഷിച്ചുവെച്ചതാണെന്ന് കരുതുന്നു. ഗോഡൗണിനുള്ളിൽ 60-ലധികം പടക്കപ്പെട്ടികൾ വേറെയുമുണ്ടായിരുന്നു. ഗോഡൗൺ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. മൊത്തക്കച്ചവട സ്ഥാപനങ്ങളുടെ കേന്ദ്രമാണ് ഇവിടം. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെയുള്ള ഗോഡൗണുകളിൽ പോലീസ് പരിശോധന നടത്തി. അനധികൃതമായ സൂക്ഷിച്ച 16 ഗ്യാസ് സിലിൻഡറുകൾ പിടിച്ചെടുത്തു.