ബെംഗളൂരു : വാരാന്ത്യങ്ങളിൽ വാഹനഗതാഗതം നിരോധിച്ച് പൂർണമായും കാൽനടയാത്രക്കാർക്ക് വിട്ടുകൊടുത്ത ചർച്ച്‌സ്ട്രീറ്റിന്റെ മാതൃകയിൽ നഗരത്തിലെ മൂന്ന് തെരുവുകൾ കൂടി കാൽനടക്കാർക്ക് വിട്ടുകൊടുക്കാൻ അർബൻ ലാൻഡ് ട്രാൻസ്പോർട്ട് വകുപ്പിന്റെ പദ്ധതി. മല്ലേശ്വരം എട്ടാം ക്രോസ്, ജയനഗർ പത്താം ക്രോസ്, ഗാന്ധി ബസാർ എന്നീ തെരുവുകളാണ് കാൽനടക്കാർക്ക് വിട്ടുകൊടുക്കുക. തനതായ ഭക്ഷണശാലകളും തെരുവോരക്കച്ചവടങ്ങളും ഏറെയുള്ള പ്രദേശങ്ങളാണിവ. ഗതാഗതം നിരോധിക്കുന്നതോടെ വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വാഹനങ്ങൾ നിരോധിച്ചശേഷം വാരാന്ത്യങ്ങളിൽ ചർച്ച് സ്ട്രീറ്റിലെത്തുന്നവരുടെ എണ്ണം കുത്തനെ വർധിച്ചിരുന്നു. ഐ.ഐ.എസ്.സി. നടത്തിയ പഠനത്തിൽ വായുമലിനീകരണവും കുത്തനെ കുറഞ്ഞതായി കണ്ടെത്തി. ഇതോടെയാണ് നഗരത്തിൽ കൂടുതൽ തെരുവുകൾ സമാനമായ രീതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാൻ അധികൃതർ തീരുമാനിച്ചത്.

ഗതാഗതം നിരോധിക്കുന്നതിനോടൊപ്പം തെരുവ് തറയോട് പതിച്ച് മനോഹരമാക്കുകയും ഇരുവശങ്ങളിലുമായി ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്യും.

നിലവിൽ നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ചർച്ച് സ്ട്രീറ്റ്. സമീപഭാവിയിൽ ഇത്തരം സാധ്യതകളുള്ള മറ്റു പ്രദേശങ്ങളും വികസിപ്പിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. കരകൗശല വസ്തുക്കൾ മുതൽ സംസ്ഥാനത്തിന്റെ തനതായ ഉത്പന്നങ്ങൾവരെ ഇത്തരം പ്രദേശങ്ങളിൽ വിൽപ്പനയ്ക്കെത്തിക്കാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

തെരുവുകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളിൽനിന്നും ഈ രംഗത്തെ വിദഗ്ധരിൽനിന്നും അഭിപ്രായങ്ങൾ തേടും. ഇവരുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും അന്തിമ പദ്ധതി രേഖ തയ്യാറാക്കുക.