ബെംഗളൂരു : വീണ്ടും കോവിഡ് വ്യാപനമുണ്ടായില്ലെങ്കിൽ നിയമസഭയുടെ ശീതകാലസമ്മേളനം ഡിസംബറിൽ ബെലഗാവിയിലെ സുവർണ വിധാൻ സൗധയിൽ നടത്താൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. 2018-ലാണ് ഇവിടെ അവസാനമായി സമ്മേളനം നടന്നത്. 2019-ൽ പ്രളയം കാരണവും 2020-ൽ കോവിഡ് മഹാമാരി കാരണവും സുവർണ വിധാൻ സൗധയിൽ സമ്മേളനം നടന്നില്ല.

ഈ വർഷം കോവിഡ് മൂന്നാംതരംഗമുണ്ടായില്ലെങ്കിൽ നടത്താനാണ് നീക്കം. ഡിസംബറിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയാകും അന്തിമ തീരുമാനമെടുക്കുക.

പ്രതിഷേധങ്ങൾക്ക് വിലക്ക്

ബെലഗാവിയിലെ സുവർണ വിധാൻ സൗധയ്ക്കുസമീപം പ്രതിഷേധപരിപാടികൾ നിയന്ത്രിക്കുന്നതിനായി വിധാൻ സൗധയുടെ പരിസരത്ത് ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒക്ടോബർ 23 വരെയാണ് നിരോധനാജ്ഞ നിലവിലുണ്ടാവുക. വിധാൻ സൗധയുടെ പടിഞ്ഞാറ് ഗേറ്റിനടുത്തുകൂടിയാണ് ദേശീയപാത-നാല് കടന്നുപോകുന്നത്. അതിനാൽ പ്രതിഷേധപരിപാടികളും മറ്റു കൂടിച്ചേരലുകളും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നതിനാലാണ് നിരോധനാജ്ഞയെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. ത്യാഗരാജൻ പറഞ്ഞു.