ബെംഗളൂരു : രക്ഷിതാക്കളെ സംഘടിപ്പിച്ച് പ്രതിഷേധം നടത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ രണ്ട് വിവരാവകാശപ്രവർത്തകരുടെപേരിൽ പോലീസ് കേസെടുത്തു. മഹാലക്ഷ്മിപുരം നാരായണഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷനാണ് പരാതി നൽകിയത്. വിവരാവകാശ പ്രവർത്തകരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ഉടൻ ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു. നഗരത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ രൂപവത്കരിച്ചെന്ന് അവകാശപ്പെട്ട് കഴിഞ്ഞ മാർച്ചിലാണ് വിവരാവകാശപ്രവർത്തകർ സ്കൂൾ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടത്. അമിതഫീസ് വാങ്ങുന്നുവെന്ന തരത്തിൽ സ്കൂളിനെതിരേ വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും രക്ഷിതാക്കളുമായി സ്കൂളിന് മുന്നിൽ പ്രതിഷേധം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ ഇവർ മാനേജ്‌മെന്റ് പ്രതിനിധികളിൽനിന്ന് 20,000 രൂപ വാങ്ങുകയായിരുന്നു. പിന്നീട് രണ്ടാഴ്ചയ്ക്കുശേഷം 20,000 രൂപകൂടി ഇവർ സ്കൂൾ അധികൃതരിൽനിന്ന് വാങ്ങി.

കഴിഞ്ഞയാഴ്ച പണം ആവശ്യപ്പെട്ട് ഇരുവരും വീണ്ടും സ്കൂളിനെ സമീപിച്ചതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്. വിവരാവകാശപ്രവർത്തകർ രക്ഷിതാക്കളോട് ഫീസടയ്ക്കേണ്ടെന്ന് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. മഹാലക്ഷ്മിപുര പോലീസ് ആണ് കേസന്വേഷിക്കുന്നത്.