ബെംഗളൂരു : മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ ലിംഗായത്ത് മഠാധിപതികൾ സമ്മേളനം നടത്തി. യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റരുതെന്നും അദ്ദേഹത്തെ തുടരാൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു. യെദ്യൂരപ്പയെ മാറ്റുന്നത് ശരിയായ നടപടിയല്ലെന്ന് ബാലെഹൊസൂർ മഠാധിപതി ദിംഗലേശ്വര സ്വാമി പറഞ്ഞു.

ആരെയും അനുകൂലിച്ചും ആരെയും എതിർത്തുമല്ല തങ്ങൾ സമ്മേളിച്ചിരിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു മുഖ്യമന്ത്രി തുടരണം എന്നുമാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കി. രാഷ്ട്രീയപ്പാർട്ടികളെ ജാഗ്രതയുള്ളവരാക്കാൻവേണ്ടി സമ്മർദം ചെലുത്തുകയെന്നത് മഠാധിപതികളുടെ ഉത്തരവാദിത്വമാണെന്ന് മറ്റൊരു സ്വാമി സൂചിപ്പിച്ചു.

പാലസ് മൈതാനത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവധഭാഗങ്ങളിലെ മഠങ്ങളിൽനിന്നുള്ള 200-ഓളം സ്വാമിമാരാണ് പങ്കെടുത്തത്. ആയിരത്തോളം സ്വാമിമാർ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. യെദ്യൂരപ്പയ്ക്കുവേണ്ടി മഠാധിപതികൾ രംഗത്തിറങ്ങുന്നതിൽ ബി.ജെ.പി. കേന്ദ്രനേതൃത്വം എതിർപ്പു പ്രകടിപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ചത്തെ സമ്മേളനം ഒഴിവാക്കിക്കാൻ യെദ്യൂരപ്പയോടൊപ്പമുള്ളവർത്തന്നെ ശ്രമം നടത്തിയിരുന്നെന്നും പറയുന്നു. ഇതിന്റെ ഭാഗമായാണ് സമ്മേളനത്തിൽ സ്വാമിമാരുടെ എണ്ണം കുറച്ചതെന്നാണ് സൂചന.

വർത്തമാനസമസ്യകളും പരിഹാരവും എന്നപേരിലാണ് മഠാധിപതികളുടെ മഹാസമ്മേളനം വിളിച്ചത്. യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ പോകുന്നെന്ന അഭ്യൂഹമുയർന്നതോടെ കഴിഞ്ഞദിവസങ്ങളിൽ അദ്ദേഹത്തിന്റെ വസതിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലിംഗായത്ത് മഠങ്ങളിൽനിന്നുള്ള മഠാധിപതികളും സ്വാമിമാരും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. ലിംഗായത്ത് വിഭാഗത്തിന്റെ ശക്തമായ പിന്തുണയുള്ള നേതാവണ് യെദ്യൂരപ്പ. പാർട്ടി നേതൃത്വത്തിനുമുമ്പിൽ തന്റെ ശക്തി കാണിക്കാൻവേണ്ടി യെദ്യൂരപ്പ നടത്തുന്ന ശ്രമമാണിതെന്ന് ആരോപണവുമുയർന്നിരുന്നു.

മഠാധിപതികളുടെ സമ്മേളനം ആവശ്യമില്ലെന്ന് യെദ്യൂരപ്പ

ബംഗളൂരു : തനിക്ക് പിന്തുണ പ്രഖ്യാപിച്ച് മഠാധിപതികളുടെ സമ്മേളനം നടത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ആഭ്യന്തരമന്ത്രി അമിത്ഷായിലും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയിലും വിശ്വാസമുണ്ടെന്നും അദ്ദേഹം ബലഗാവിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

യെദ്യൂരപ്പയ്ക്ക് പിന്തുണയുമായി ബെംഗളൂരു പാലസ് മൈതാനത്ത് ലിംഗായത്ത് മഠാധിപതികൾ സമ്മേളനം വിളിച്ചുചേർത്തതിനെപ്പറ്റി ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.