ബെംഗളൂരു : ബെലഗാവി നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭാ കമ്മിഷണറുടെ വീടിന് മുന്നിൽ എം.എൽ.എ. ട്രാക്ടറിൽ മാലിന്യം കൊണ്ടുവന്നുതള്ളി. ബെലഗാവി സൗത്ത് എം.എൽ.എ.യും ബി.ജെ.പി. നേതാവുമായ അഭയ് പാട്ടീലാണ് നഗരസഭാ കമ്മിഷണറുടെ വീടിനുമുന്നിൽ മാലിന്യം തള്ളിയത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കണമെന്ന് മൂന്നുമാസം മുമ്പ് എം.എൽ.എ. കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ കാര്യമായ നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധം. ഇതൊരു മുന്നറിപ്പാണെന്നും മാലിന്യം സംസ്കരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ മറ്റ് ഉദ്യോഗസ്ഥരുടെ വീടുകൾക്കുമുന്നിലും പ്രതിഷേധസൂചകമായി മാലിന്യം കൊണ്ടിടുമെന്ന് അഭയ് പാട്ടീൽ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ ബെലഗാവിയിലെ മാലിന്യശേഖരണവും സംസ്കരണവും താളംതെറ്റിയ നിലയിലാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവുകളിൽപ്പോലും മാലിന്യം കൂടിക്കിടക്കുന്നതിനാൽ വ്യാപക പ്രതിഷേധമാണ് നഗരസഭയ്ക്കെതിരേ ഉയരുന്നത്. ജലാശയങ്ങളിലേക്കും മാലിന്യം കലരുന്നുവെന്ന ആശങ്കകളുമുണ്ട്. സ്ഥലത്തെ ജനപ്രതിനിധികൾ ഒട്ടേറെതവണ പ്രശ്നം നഗരസഭയുടെ മുന്നിലെത്തിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ല.

എന്നാൽ, മാലിന്യപ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്നും കോവിഡ് വ്യാപനമുണ്ടായതോടെ ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്താത്തതാണ് മാലിന്യം നീക്കുന്നതിൽ വീഴ്ചയുണ്ടാകാനുള്ള കാരണമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എം.എൽ.എ.യുടെ പ്രതിഷേധരീതിയെ വിമർശിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്.