ബെംഗളൂരു : കർണാടകത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പത്തായി. ഞായറാഴ്ച ഉത്തര കന്നഡയിലാണ് പുതിയ മരണം റിപ്പോർട്ട് ചെയ്തത്. പ്രളയം രൂക്ഷമായതിനെത്തുടർന്ന് വടക്കൻ കർണാടകത്തിൽ 22,500 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റവന്യുമന്ത്രി ആർ. അശോക പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന മുപ്പതിനായിരത്തിലേറെ ആളുകളെ രക്ഷപ്പെടുത്തി. വടക്കൻകർണാടകത്തിൽ മാത്രം 240 ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 22-നുശേഷം മഴക്കെടുതിയിൽ പത്തു പേർ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തു. ഉത്തരകന്നഡ ജില്ലയിൽ അഞ്ചുപേരും ബെലഗാവിയിൽ രണ്ടുപേരും ചിക്കമഗളൂരു, ധാർവാഡ്, കുടക് ജില്ലകളിൽ ഒരാൾവീതവുമാണ് മരിച്ചത്. മൂന്നു ദിവസംകൂടി മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴുജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 45 താലൂക്കുകളിലായി 283 ഗ്രാമങ്ങളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3502 വൈദ്യുതത്തൂണുകൾ മറിഞ്ഞുവീഴുകയും 342 ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ശിവമോഗയിലാണ് ഏറ്റവുംകൂടുതൽ വൈദ്യുതത്തൂണുകൾ മറിഞ്ഞുവീണത്. ഇവിടെ 2864 വൈദ്യുതത്തൂണുകൾ മറിഞ്ഞുവീഴുകയും 274 ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വടക്കൻ കർണാടകത്തിൽ മാത്രം 59,000 ഹെക്ടർ കൃഷിഭൂമിയും രണ്ടായിരം ഹെക്ടർ പൂന്തോട്ടവും വെള്ളത്തിൽ മുങ്ങി. 134 വീടുകൾ പൂർണമായും 2480 വീടുകൾ ഭാഗികമായും തകർന്നു. 213 സ്കൂളുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

നഷ്ടപരിഹാരം നൽകും - യെദ്യൂരപ്പ

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബെലഗാവിയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. റവന്യു മന്ത്രി ആർ. അശോകയും മറ്റ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രളയത്തിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് യെദ്യൂരപ്പ അറിയിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ അണക്കെട്ടുകളിൽനിന്ന് അമിതമായി വെള്ളം തുറന്നുവിട്ടതാണ് കർണാടകത്തിന്റെ അതിർത്തി ജില്ലകളിൽ പ്രളയം ഉണ്ടാകാൻ കാരണം. വിഷയത്തിൽ മഹാരാഷ്ട്രയിലെ ഉദ്യോഗസ്ഥരോട് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടുവരികയാണെന്നും യെദ്യൂരപ്പ പറഞ്ഞു.