ബെംഗളൂരു : അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലുവർഷത്തെ ജയിൽശിക്ഷ കഴിഞ്ഞ് ബുധനാഴ്ച മോചിതയാകാനിരിക്കെ എ.ഐ.എ.ഡി.എം.കെ. മുൻ ജനറൽസെക്രട്ടറി വി.കെ. ശശികല കോവിഡ് ചികിത്സയിൽ തുടരുകയാണ്. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പ്രത്യേക വാർഡിലേക്ക് മാറ്റി. കോവിഡ് രോഗലക്ഷണങ്ങൾ മാറിയതായി ഡോക്ടർമാർ അറിയിച്ചു.
രക്തസമ്മർദവും ശ്വസനവും ഹൃദയമിടിപ്പും സാധാരണനിലയിലായി. പ്രമേഹത്തിന് ഇൻസുലിൻ നൽകുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉപകരണത്തിന്റെ സഹായത്തോടെ നടക്കുന്നതായും ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ശശികല.
പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ട ശശികലയ്ക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. 66-കാരിയായ ശശികലയ്ക്ക് ന്യൂമോണിയയും ബാധിച്ചിരുന്നു. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടതിനെത്തുടർന്ന് ഓക്സിജൻ സിലിണ്ടറിന്റെ സഹായം നൽകിയിരുന്നു.
ജയിൽമോചിതയാകുന്നതിന് മുന്നോടിയായി ശശികലയുടെ ബന്ധുക്കൾ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥർ ബുധനാഴ്ച വിക്ടോറിയ ആശുപത്രിയിലെത്തി ശശികലയുടെ മോചനത്തിന്റെ നടപടികൾ പൂർത്തിയാക്കുമെന്നാണ് അറിയുന്നത്. എന്നാൽ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായില്ലെങ്കിൽ ഇവരുടെ ചെന്നൈയിലേക്കുള്ള മടക്കം വൈകും. രോഗമുക്തയാകാതെ തമിഴ്‌നാട്ടിലേക്കുപോകാനാവില്ല. മോചനനടപടികൾ പൂർത്തിയാകുന്നതോടെ ആശുപത്രിയിൽ പോലീസ് സുരക്ഷയിൽനിന്ന് ഒഴിവാകും.
അസുഖബാധിതയായ ശശികലയെ ജയിലിൽനിന്ന് ആദ്യം ബെംഗളൂരുവിലെ ബ്രൗറിങ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെനിന്ന് മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും വിക്ടോറിയ ആശുപത്രി അധികൃതർസമ്മതിച്ചിരുന്നില്ല
2017 ഫെബ്രുവരി മുതൽ ജയിലിൽകഴിയുന്ന ശശികലയുടെ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. ജയിലിൽ ഒപ്പമുള്ളബന്ധുവും കൂട്ടുപ്രതിയുമായ ജെ. ഇളവരശി, വി.എൻ. സുധാകരൻ എന്നിവരുടെ മോചനവും ഉടനുണ്ടാകും. ശശികലയ്ക്കൊപ്പം സെല്ലിൽ കഴിഞ്ഞ ഇളവരശിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.