ബെംഗളൂരു : റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലികൾ രാവിലെ ഒമ്പതുമുതൽ നഗരത്തിലേക്ക് പ്രവേശിച്ചുതുടങ്ങും.
വിവിധയിടങ്ങളിൽ നിന്നെത്തുന്ന റാലികൾ ഉച്ചയോടെ മജെസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ഒത്തുചേരുന്ന റാലി 12.30-ന് ഫ്രീഡംപാർക്കിലേക്ക് നീങ്ങും. ഫ്രീഡംപാർക്കിൽ വെച്ചാണ് വിവിധ സംഘടനാ നേതാക്കൾ കർഷകരെ അഭിസംബോധന ചെയ്യുക. 25,000- ത്തോളം കർഷകരും 10,000-ത്തോളം ട്രാക്ടറുകളും റാലിയിൽ അണിചേരും.
തിങ്കളാഴ്ച രാവിലെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് പുറപ്പെട്ട കർഷകർ രാത്രിയോടെ നഗരത്തിന്റെ വിവിധ അതിർത്തി പ്രദേശങ്ങളിൽ എത്തിച്ചേർന്നിരുന്നു. സമീപജില്ലകളിൽ നിന്നുള്ള കർഷകർ നേരത്തേ ബെംഗളൂരുവിലെത്തി. ട്രാക്ടർ റാലി തടയാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ നഗരത്തിലെ പ്രധാന റോഡുകൾ തടയുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം സംഘടിപ്പിച്ച കർഷകരുടെ മാർച്ചിനെത്തിയവരെ വിവിധ ചെക്‌പോസ്റ്റുകളിൽ പോലീസ് തടഞ്ഞിരുന്നു.
വിവിധ ജില്ലകളിൽ നിന്നുമെത്തുന്ന കർഷകർ തുമകൂരുറോഡ്, നൈസ് റോഡ് ജങ്‌ഷൻ, ദേവനഹള്ളി, നന്ദി ക്രോസ്, ഹെസകോട്ട ടോൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് പ്രവേശിക്കുക.
നിലവിൽ നഗരത്തിലുള്ള കർഷകർ രാവിലെ 11-ന് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് റാലി തുടങ്ങും. ട്രാക്ടറുകൾക്കൊപ്പം കാളവണ്ടികളും കർഷകർ എത്തിച്ചിട്ടുണ്ട്.
അതേസമയം റിപ്പബ്ലിക് ദിന ചടങ്ങുകൾ നടക്കുന്ന റോഡുകളിലേക്ക് ട്രാക്ടറുകൾ പ്രവേശിപ്പിക്കരുതെന്ന് ബെംഗളൂരു പോലീസ് കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൈസൂരു, മാണ്ഡ്യ, തുമകൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് റാലിയിൽ പങ്കെടുക്കുന്ന കർഷകരെ തിങ്കളാഴ്ച മുദ്രാവാക്യം വിളികളോടെയാണ് പ്രദേശവാസികൾ ബെംഗളൂരുവിലേക്കയച്ചത്. ബെംഗളൂരുവിന് പുറമേ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും റാലി നടക്കും.
കർണാടക ജനശക്തി വേദികെ, ദളിത് സംഘർഷ സമിതി ഉൾപ്പെടെയുള്ള വിവിധ സംഘടനങ്ങളും റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.