ബെംഗളൂരു: ഭാര്യയെയും അവരുടെ അടുത്ത ബന്ധുവിനെയും ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന കേസിൽ ബെംഗളൂരുവിലെ സംഗീത സംവിധായകന് സിറ്റി സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഗിരിനഗർ സ്വദേശിയായ ബി.എം. ചന്ദ്രശേഖറിനാണ് (47)ഏഴുവർഷങ്ങൾക്ക് ശേഷം കോടതി ശിക്ഷവിധിച്ചത്. 25,000 രൂപയും ഇയാൾ കോടതിയിൽ കെട്ടിവെക്കണം.

2013 ഏപ്രിൽ 17-നാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഭാര്യ പ്രീതി ആചാര്യ, അടുത്തബന്ധു വേദ എന്നിവരെയാണ് കൊലപ്പെടുത്തിയത്. സ്ത്രീധനത്തുക ആവശ്യപ്പെട്ട് ചന്ദ്രശേഖർ സ്ഥിരമായി ഭാര്യയുമായി കലഹിക്കാറുണ്ടായിരുന്നു. ഇത്തരമൊരു കലഹത്തിനിടെയാണ് ഇരുമ്പുവടിയുപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഈ സമയത്ത് വേദയും വീട്ടിലുണ്ടായിരുന്നു. ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ വേദയുടെ തലയിലും ഇയാൾ ഇരുമ്പുവടികൊണ്ട് അടിച്ചു.

ചന്ദ്രശേഖറിന്റെ വിരലടയാളം പതിഞ്ഞ ഇരുമ്പുവടി സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. 40 -ഓളം സാക്ഷികളും ഇയാൾക്കെതിരേ മൊഴിനൽകി. കേസ് പരിഗണിക്കുന്നതിനിടെ അതിക്രൂരമായ കൊലപാതകമെന്നാണ് ജഡ്ജി ഗുരുരാജ് സോമകല്ലവർ സംഭവത്തെ വിശേഷിപ്പിച്ചത്.