നിയമനിർമാണത്തിൽ കൂടുതൽ ചർച്ചകൾ അനിവാര്യം

ബെംഗളൂരു : പാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങൾ പെരുമാറ്റത്തിൽ അച്ചടക്കവും മാന്യതയും അന്തസ്സും പാലിക്കേണ്ടത് അനിവാര്യമാണെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. കർണാടക നിയമസഭയുടെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും പാർലമെന്ററി മൂല്യങ്ങളെ സംരക്ഷിക്കലും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.

സാമാജികർ വ്യക്തിജീവിതത്തിലും സ്വകാര്യജീവിതത്തിലും മാന്യതപുലർത്തണം. എങ്കിലേ ജനങ്ങളുടെ ബഹുമാനം ആർജിക്കാനാകൂ. ഇക്കാര്യം ഉറപ്പുവരുത്താൻ 1992, 1997, 2001 വർഷങ്ങളിൽ സ്പീക്കർമാർ, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, പാർലമെന്ററികാര്യ മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, എന്നിവരുടെ യോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ട്. ചില തീരുമാനങ്ങളും എടുത്തിരുന്നു. ഈ തീരുമാനങ്ങൾ നടപ്പാക്കാൻ ഇപ്പോൾ സമയമായിരിക്കുകയാണ് -ലോക്‌സഭാ സ്പീക്കർ പറഞ്ഞു.

നിയമനിർമാണവേളയിൽ വേണ്ടത്ര ചർച്ചകൾ സഭയിൽ നടക്കുന്നില്ലെന്ന് സൂചിപ്പിച്ച ഓം ബിർള കൂടുതൽ അംഗങ്ങളെ ഇതിൽ പങ്കാളികളാക്കുന്നതിനുള്ള മാർഗമുണ്ടാക്കണമെന്ന് പറഞ്ഞു. എങ്കിലേ പുതിയ നിയമങ്ങളിൽ പിന്നീട് ചോദ്യങ്ങളുയരാതിരിക്കൂ. പാർലമെന്റിലെയും നിയമസഭകളിലെയും നിയമനിർമാണ കൗൺസിലുകളിലെയും ബഹളങ്ങൾ ജനാധിപത്യപാരമ്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾക്ക് ചർച്ചയിലിടപെ ടാനും വിയോജിക്കാനും അവകാശമുണ്ട്. പക്ഷേ, ഇത് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കാനുള്ളതല്ല.

പാർലമെന്റും നിയമസഭകളുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് എന്നും ഇത് ശക്തിപ്പെട്ടാൽ ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ വിശ്വേശർ ഹെഗ്‌ഡെ കഗേരി, നിയമനിർമാണ കൗൺസിൽ അധ്യക്ഷൻ ബസവരാജ് ഹൊരട്ടി എന്നിവരും സംസാരിച്ചു.

കോൺഗ്രസ് ബഹിഷ്‌കരിച്ചു

നിയമസഭയുടെ സംയുക്തസമ്മേളനത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിർള അഭിസംബോധനചെയ്യുന്ന ചടങ്ങ് കോൺഗ്രസ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. ലോക്‌സഭാ സ്പീക്കർ സഭയുടെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. രാഷ്ട്രപതിക്കും ഗവർണർക്കും മാത്രമേ ഇത് ചെയ്യാൻ ഭരണഘടന അനുവാദം നൽകുന്നുള്ളൂവെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. ലോക്‌സഭാ സ്പീക്കർ ഇത് ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. രാഷ്ട്രീയ താത്പര്യമാണ് ഇതിന്റെ പിന്നിലെന്നും വിധാൻസൗധയെ രാഷ്ട്രീയതാത്പര്യത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ള ജെ.ഡി.എസ്. അംഗങ്ങളുടെ സാന്നിധ്യം സഭയിലുണ്ടായിരുന്നു.