ബെംഗളൂരു : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കർണാടകത്തിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറും വെള്ളിയാഴ്ച നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത് കുതിരവണ്ടിയിൽ.

ബെംഗളൂരുവിലെ ക്യൂൻസ് റോഡിലുള്ള കോൺഗ്രസ് ആസ്ഥാനത്തുനിന്ന് വിധാനസൗധയിലേക്കുള്ള യാത്രയ്ക്ക് കാർ ഒഴിവാക്കി ഇരുനേതാക്കളും കുതിരവണ്ടി തിരഞ്ഞെടുക്കുകയായിരുന്നു. കോൺഗ്രസ് എം.എൽ.എ.മാരും എം.എൽ.സി.മാരും മറ്റ് നേതാക്കളും പ്രവർത്തകരും ഇവരെ അനുഗമിച്ചതോടെ യാത്ര വലിയ പ്രകടനമായി മാറി. വിധാനസൗധയുടെ കവാടം കടന്ന് അകത്തെത്തിയാണ് നേതാക്കൾ കുതിരവണ്ടിയിൽനിന്ന് ഇറങ്ങിയത്.

നിത്യോപയോഗ സാധനങ്ങളുടെ വിലവർധന ഒഴിവാക്കാൻ സംസ്ഥാനസർക്കാർ നടപടിയെടുക്കാത്തതിലും അവർ പ്രതിഷേധിച്ചു. സാധനങ്ങളുടെ വിലവർധന കഴിഞ്ഞ ദിവസം കോൺഗ്രസ് അംഗങ്ങൾ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിന് ഇത് ഇടയാക്കിയിരുന്നു.

നിയമസഭാ സമ്മേളനം തുടങ്ങിയ 13-ന് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും സഭയിലെത്തിയത് കാളവണ്ടിയിലായിരുന്നു. ഇതും ഇന്ധനവിലവർധനവിൽ പ്രതിഷേധിച്ചായിരുന്നു. വിധാൻ സൗധയിലേക്ക് സൈക്കിളോടിച്ചെത്തിയും നേതാക്കൾ പ്രതിഷേധിച്ചിരുന്നു.