ബെംഗളൂരു : പാരീസ് ഒളിമ്പിക്സിൽ മെഡൽ ലക്ഷ്യമിട്ട് കായികതാരങ്ങളെ വാർത്തെടുക്കാനൊരുങ്ങി കർണാടക. 2024-ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പ്രത്യേകപരിശീലനം നൽകുന്നതിനായി 75 കായികതാരങ്ങളെ സർക്കാർ ദത്തെടുത്തു. കായിക-യുവജനക്ഷേമ വകുപ്പുമന്ത്രി കെ.സി. നാരായണ ഗൗഡയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിലാണ് കായികതാരങ്ങളെ തിരഞ്ഞെടുത്തത്.

അത്‌ലറ്റിക്സിൽനിന്ന് 12 താരങ്ങളെയും ബാഡ്മിന്റണിൽനിന്ന് ഒമ്പതുതാരങ്ങളെയും ദത്തെടുത്തു. ഹോക്കി, ബാസ്കറ്റ് ബോൾ, ഗോൾഫ്, ടെന്നീസ്, ടേബിൾ ടെന്നീസ്, ഗുസ്തി തുടങ്ങിയ മത്സര ഇനങ്ങളിൽനിന്ന്‌ താരങ്ങളെ ദത്തെടുത്തിട്ടുണ്ട്. 2024 ഒളിമ്പിക്സിനായി കായികതാരങ്ങളെ ദത്തെടുത്ത് പരിശീലിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കർണാടക. തിരഞ്ഞെടുക്കപ്പെടുന്ന കായികതാരങ്ങൾക്ക് പരിശീലനത്തിനും സ്പോർട്‌സ് കിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കും വേണ്ടി അഞ്ചുലക്ഷം രൂപ വീതം സർക്കാർ നൽകും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ച ‘അമൃത് സ്പോർട്‌സ് അഡോപ്ഷൻ’ പദ്ധതിയിലാണ്‌ കായികതാരങ്ങൾക്ക് പരിശീലനം നൽകുന്നത്.

ഈവർഷം നടന്ന ടോക്യോ ഒളിമ്പിക്സിൽ കർണാടക താരങ്ങൾക്ക് മെഡൽ നേടാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പാരീസ് ഒളിമ്പിക്സിൽ മെഡൽ ലക്ഷ്യമിട്ട് കായികതാരങ്ങളെ പരിശീലിപ്പിക്കുന്നത്. കായികതാരങ്ങളെ കണ്ടെത്താൻ കായികമന്ത്രി കെ.സി. നാരായണഗൗഡയുടെ നേതൃത്വത്തിൽ എട്ടംഗസമിതി രൂപവത്കരിച്ചിരുന്നു. മുൻ ഇന്ത്യൻ ഹോക്കിതാരം വി.ആർ. രഘുനാഥ്, നീന്തൽ പരിശീലകൻ നിഹാർ അമീൻ, മുൻ ബാഡ്മിന്റൺ താരം അനുപ് ശ്രീധർ തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു സമിതി.